ഹൈബിയെയും പ്രതാപനെയും പുറത്താക്കി സ്പീക്കര്‍ ഓം ബിര്‍ള; പ്രതിഷേധത്തിനിടെ കയ്യാങ്കളി; ബെന്നി ബെഹനാന് പരിക്ക്; രമ്യഹരിദാസ് ഉള്‍പ്പെടെ വനിതാ എംപിമാരെ പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്തു

Jaihind News Bureau
Monday, November 25, 2019

മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയില്‍ അതിനാടകീയ രംഗങ്ങള്‍. പ്രതിഷേധവുമായെത്തിയ ഹൈബി ഈഡനയും ടി.എന്‍. പ്രതാപനെയും സ്പീക്കര്‍ ഓം ബിര്‍ള പുറത്താക്കി. പ്രതിഷേധത്തിനിടെ കയ്യാങ്കളി. ബെന്നി ബെഹനാന് പരിക്കേറ്റു. രമ്യ ഹരിദാസിനെ പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്തു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ക്ക് രമ്യഹരിദാസ് പരാതി നല്‍കി.

രാവിലെ സഭ ചേര്‍ന്നയുടന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്ലക്കാര്‍ഡും പിടിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്തുവരികയായിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തൂ എന്നെഴുതിയ ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം. ബാനര്‍ പിടിച്ച് നടുത്തളത്തിലിറങ്ങിയ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളായ ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും സ്പീക്കര്‍ ഓംപ്രകാശ് ബിര്‍ള മാര്‍ഷല്‍മാരെ ഉപയോഗിച്ച് പുറത്താക്കി.

മാര്‍ഷല്‍മാര്‍ ഇടപെട്ടതോടെ എതിര്‍പ്പുമായി രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, മാണിക്ക ടാഗോര്‍ തുടങ്ങിയ കോണ്‍ഗ്രസ് എം.പിമാര്‍ തടസ്സവുമായെത്തി. എന്നാല്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനെതിരെ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. ലോകസഭയില്‍ നടന്ന കയ്യാങ്കളിയില്‍ ബെന്നി ബഹനാന് പരിക്കേല്‍ക്കുകയും ചെയ്തു.