ജോയ്സ് ജോർജിനെതിരെ സി.പി.എമ്മിൽ പടയൊരുക്കം; എം.പിയെ ന്യായീകരിച്ച മന്ത്രി എം.എം മണിയെ തള്ളി ഒരു വിഭാഗം

Jaihind Webdesk
Monday, January 14, 2019

ഇടുക്കി എം.പി ജോയ്സ് ജോർജിനെതിരെ സി.പി.എമ്മിൽ പടയൊരുക്കം. മന്ത്രി എം.എം മണിയടക്കം ഒരു വിഭാഗം എം.പിയെ വീണ്ടും പിന്തുണയ്ക്കുമ്പോൾ ജനസമ്മതി നഷ്ടപ്പെട്ടയാളായിട്ടാണ് ഒരു വിഭാഗം വാദിക്കുന്നത്. മുൻ എം.പിമാരുടെ കാലത്ത് അനുവദിച്ച പദ്ധതികൾ തന്‍റേതാക്കി ഉദ്ഘാടനം ചെയ്യുന്ന എം.പി. ഒരു വികസന പ്രവർത്തനം പോലും നടത്താത്ത നിരവധി സ്ഥലങ്ങൾ ജില്ലയിലുണ്ടെന്ന് സ്വീകരണ യോഗത്തിൽ തന്നെ പ്രവർത്തകർ രോഷം പ്രകടിപ്പിക്കുകയാണ്.

ഇക്കഴിഞ്ഞ ദിവസം പഴനി – പാഞ്ചാലിമേട് – വള്ളിയങ്കാവ് – ശബരിമല പാത അനുവദിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണത്തിലാണ് പരസ്യ പ്രതിഷേധവുമായി സി.പി.എം പ്രവർത്തകർ തന്നെ രംഗത്തുവന്നത്. മന്ത്രി എം.എം മണി ജോയ്സ് ജോർജിനെ ന്യായീകരിച്ച് പ്രസംഗിക്കുന്നതിനിടയിലാണ് പ്രതിഷേധം ഉണ്ടായത്. മന്ത്രി എതിർത്തിട്ടും ജോയ്സ്‌ ജോർജ് ഒന്നും ചെയ്തിട്ടില്ലെന്ന് പ്രവർത്തകർ വിളിച്ചു പറഞ്ഞു. ഒടുവിൽ പോലീസ് എത്തിയാണ് പ്രവർത്തകരെ നീക്കി രംഗം ശാന്തമാക്കിയത്.

https://www.youtube.com/watch?v=ntT2DKXkfoA

വേദിയിൽ കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറക്കൽ ഇരിക്കുമ്പോഴാണ് സംഭവം.  2014ലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും കസ്തൂരി രംഗൻ വിഷയവും, പട്ടയവും ജോയ്സിനെ തിരിഞ്ഞ് കുത്തുന്നതായും പ്രവർത്തകർ പറയുന്നു. നുണ പറഞ്ഞ് എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് തന്നെ ജോയ് സിനെ മാറ്റി പാർട്ടിക്കാരനെ മത്സരിപ്പിക്കണമെന്നുമാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ ഇടുക്കി ബിഷപ്പ് മാറുകയും ഇപ്പോഴത്തെ ബിഷപ്പ് കോൺഗ്രസ് ആഭിമുഖ്യമുള്ള കുടുംബത്തിൽ നിന്നും വന്നതിനെ തുടന്ന് സഭയുടെ പിന്തുണയും ജോയ്സിന് നഷ്ടപ്പെട്ട സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് സി.പി.എമ്മിനുള്ളിൽനിന്നുപോലും എം.പിക്കെതിരെ എതിർപ്പുയരുന്നത് എന്നതാണ് പ്രത്യേകത.