സൈബര്‍ സഖാക്കള്‍ ചേരിതിരിഞ്ഞ് അടികൂടുന്നു; മുറിവേറ്റത് കോടിയേരിക്കും വെട്ടിലായത് പി.ജയരാജനും

Jaihind Webdesk
Wednesday, June 26, 2019

സൈബര്‍ സഖാക്കള്‍ ചേരിതിരിഞ്ഞ് പോരാടുന്നത് സി.പി.എമ്മിന് തിരിച്ചടിയാകുന്നു. വിവിധ വിഷയങ്ങളില്‍ സൈബര്‍ സഖാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പിണറായി പി ജയരാജന്‍ ഭിന്നത സൈബര്‍ സഖാക്കള്‍ എറ്റുപിടിച്ചേതോടെ എന്ത് ചെയ്യണമന്ന് അറിയാത്ത നിസ്സഹായവസ്ഥയിലാണ് സി.പി.എം കേരളഘടകം.
തെരഞ്ഞടുപ്പ് പ്രചാരണത്തിനായി രുപീകരിച്ച പി ജയരാജന്‍ ഫാന്‍സ് ഗ്രുപ്പുകളാണ് ഇപ്പോള്‍ പിണറായി കോടിയേരി സഖ്യത്തിന് ഭീഷണിയാകുന്നത്. ആന്തൂര്‍, ബിനോയി കോടിയേരി വിഷയങ്ങളില്‍ പാര്‍ട്ടി ഔദ്യോഗിക നിലപാടുകള്‍ക്ക് എതിരെ ശക്തമായ വിമര്‍ശനമാണ് സൈബര്‍ സഖാക്കളില്‍ നിന്നും ഉണ്ടാകുന്നത്.

സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ ന്യായീകരണ മുഖമായ പോരാളി ഷാജി ആന്തൂര്‍ വിഷയത്തില്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളക്ക് എതിരെ രംഗത്ത് വന്നിരുന്നു. ബിനോയ് കോടിയേരിക്ക് എതിരെയും പാര്‍ട്ടി നേതാക്കളുടെ മകളുടെ ആഡംബര ജീവിത ശൈലിയെ വിമര്‍ശിച്ചും സൈബര്‍ സഖാക്കള്‍ രംഗത്ത് വന്നിരുന്നു. കുടതെ ജയരാജന്റെ മകന്റെ ലളിതമായ വിവാഹ ചടങ്ങും സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കിയിരുന്നു കോടിയേരിയുടെ മക്കളുടെ ജീവിതവും ജയരാജന്റെ മകളുടെ ജീവിത ശൈലിയും തമ്മിലും താരതമ്യം ഉണ്ടായി. സി.പി.എമ്മിനെ അനുകൂലികുന്ന. ഫെയ്‌സ് ബുക്ക് പേജുകളില്‍ മികച്ച പിന്തുണയാണ് ജയരാജന് ലഭിച്ചത്. ഇതോടെയാണ് അപകടം തിരിച്ചറിഞ്ഞ് നിയമസഭയില്‍ പി. ജയരാജനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിംബം പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ചില ഗ്രൂപ്പുകളില്‍ പി.ജെ എന്നത് ചേര്‍ത്തുള്ള പ്രചാരണം അവസാനിപ്പിക്കണമന്നാവശ്യപ്പെട്ട് പി ജയരാജന്‍ രംഗത്ത് വന്നിരുന്നു.

കീഴ് ഘടകങ്ങളുടെ വികാരം മനസിലാക്കിയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയെ വേദിയിലരുത്തി ജയരാജന്‍ വിമര്‍ശിച്ചത്. ഇതിനോട് പാര്‍ട്ടി സംസ്ഥാന ഘടകം വിയോജിക്കുകയാണ്. ഇത് ശരിയായില്ലന്നും വിമര്‍ശനങ്ങള്‍ പാര്‍ട്ടി ഫോറങ്ങള്‍ക്ക് ഉള്ളില്‍ ആയിരിക്കണമെന്നും സംസ്ഥാന നേത്യത്വവും വ്യക്തമാകുന്നു. ഇത് സൈബര്‍ സഖാക്കള്‍ക്കും ബാധകമാണന്ന് നേത്യത്വവും പറയുമ്പോള്‍ പി.ജെ ആര്‍മിയിലുടെ ജയരാജനെയാണ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത് എന്ന് വ്യക്തം. ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പരസ്യ പ്രതികരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സി.പി.എം സാക്ഷ്യം വഹിക്കേണ്ടി വരും സൈബര്‍ സഖാക്കളെ ഉപയോഗിച്ച് പിണറായി ജയരാജന്‍ വിഭാഗങ്ങള്‍ നടത്തുന്ന ഒളിയുദ്ധം സി.പി.എമ്മിലെ രാജ്യത്തെ ഏറ്റവും വലിയ ഘടകത്തെ തുറന്ന് പോരില്‍ കൊണ്ട് എത്തിച്ചിരിക്കുകയാണ്.