ഡോളര്‍ക്കടത്ത് കേസ് : സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

Jaihind News Bureau
Wednesday, January 6, 2021

കൊച്ചി : വിദേശത്തേക്ക്  ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ  അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.  ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍  ആവശ്യപ്പെട്ടിരുന്നെങ്കിലും നോട്ടീസ് ലഭിക്കാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് കസ്റ്റംസിനെ സ്പീക്കറുടെ ഓഫീസിൽ നിന്നും അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് നോട്ടീസ് നൽകി ഇന്ന് രാവിലെ 10ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെന്ന് കസ്റ്റംസിന് മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശിച്ചത്. ഇരുവരും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതിന് ശേഷം നിയമസഭ സമ്മേളനം പൂർത്തിയായാല്‍ ഉടന്‍ നോട്ടീസ് നല്‍കി സ്പീക്കറെ വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം.

കൊച്ചിയിലോ തിരുവനന്തപുരത്തോ വെച്ചായിരിക്കും ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുക. സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന. അതേസമയം സ്വർണ്ണക്കടത്ത് കേസന്വേഷണം പൊടുന്നനെ സ്പീക്കറുടെ ഓഫീസിലേക്ക് കൂടി വ്യാപിച്ചതോടെ പൊതു സമൂഹത്തിന് മുന്നിൽ ഇത് എങ്ങനെ പ്രതിരോധിക്കുമെന്ന അങ്കലാപ്പിലാണ് സിപിഎം നേതൃത്വം.