‘അനുമതിയില്ലാത്ത സില്‍വർലൈന്‍ പദ്ധതിക്കായി ചെലവഴിച്ച കോടികള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് തിരിച്ചുപിടിക്കണം’; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, July 26, 2022

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി ലഭിക്കാതെ ചെലവാക്കിയ തുക ബന്ധപ്പെട്ടവരിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കെ റെയിലില്‍ ഒരു അനുമതിയും ഇല്ലാതെ ആണ് സർക്കാർ നാടകങ്ങൾ ഒക്കെ കാട്ടിക്കൂട്ടിയത്. മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

മാധ്യമം പത്രത്തെ നിയന്ത്രിക്കണമെന്ന് ചൂണ്ടിക്കാട്ടി വിദേശത്തേക്ക് കത്തയച്ച കെ.ടി ജലീലിന്‍റെ നടപടി മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെങ്കിൽ ജലീലിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തിരുന്ന് കെ.ടി ജലീൽ പ്രൊട്ടോകോൾ ലംഘനം നടത്തിയിട്ടും എന്തുകൊണ്ടാണ് നടപടി ഇല്ലാത്തത്. കെ.ടി ജലീൽ പ്രോട്ടോകോൾ ലംഘനം നടത്തിയത് പുറത്തായതോടെ സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലിൽ വിശ്വാസ്യത വർധിച്ചെന്നും വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ തുടരന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഗാന്ധി പാർക്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സത്യഗ്രഹത്തിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.