‘റിപ്പോര്‍ട്ടിംഗല്ല, തടയേണ്ടത് കുറ്റകൃത്യമാണ്’ ; സിദ്ദിഖ് കാപ്പന് വൈദ്യസഹായം ലഭ്യമാക്കണമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, April 26, 2021

ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വൈദ്യസഹായം ലഭ്യമാക്കണമെന്ന് രാഹുല്‍ ഗാന്ധി. വാർത്തകളുടെ റിപ്പോര്‍ട്ടിംഗല്ല, കുറ്റകൃത്യമാണ് തടയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന്‍ ഉത്തർപ്രദേശിലെ മഥുര മെഡിക്കൽ കോളേജിലാണുള്ളത്. സിദ്ദിഖ് കാപ്പൻ്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നതെന്നുമാണ് റിപ്പോർട്ടുകള്‍.

സിദ്ദിഖ് കാപ്പനു വേണ്ടി കേരള പത്രവപ്രവര്‍ത്തക യൂണിയനും സിദ്ദീഖ് കാപ്പന്‍റെ ഭാര്യയും നല്‍കിയ അപേക്ഷകള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന ആവശ്യമാണ് കോടതി പരിഗണിക്കുന്നത്. സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി പതിനൊന്ന് എം.പിമാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചതിന് പിന്നാലെയാണ് കേസ് നാളേക്ക് ലിസ്റ്റ് ചെയ്തത്. സിദ്ദിഖിന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും യോഗിക്ക് കത്തയച്ചിരുന്നു.

കാപ്പന്‍റെ മോചനം ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സിദ്ദിഖ് കാപ്പനെതിരെ നടക്കുന്നത് മനുഷ്യാവകാശലംഘനമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.