മേയറുടെ കത്തില്‍ ഒരു പ്രത്യേകതരം അന്വേഷണം: കസ്റ്റഡിയില്ല, രേഖകള്‍ പിടിച്ചെടുക്കില്ല, മൊഴി രേഖപ്പെടുത്തല്‍ മാത്രം

Jaihind Webdesk
Tuesday, November 8, 2022

തിരുവനന്തപുരം: മേയറുടെ നിയമന കത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വഴിപാടാകും. അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുക എന്ന്  മാത്രമാണ് ഡിജിപി നല്‍കിയിരിക്കുന്ന നിർദേശം. കേസെടുത്ത് അന്വേഷിക്കുക എന്ന നിർദേശം  ഉണ്ടാകാത്താതിനാല്‍ കസ്റ്റഡിയോ രേഖകള്‍ പിടിച്ചെടുക്കലോ ഒന്നും ഉണ്ടാവുകയില്ല. പെറ്റി കേസുകളുടെ സ്വഭാവത്തിലുള്ള അന്വേഷണമാകും മേയറുടെ പരാതിയില്‍ നടക്കുക. കത്ത് കേസില്‍ ഇന്ന് അന്വേഷണം ആരംഭിക്കും.

മേയര്‍ ആര്യാ രാജേന്ദ്രൻ, ഡി.ആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ മൊഴിയെടുക്കുക മാത്രമാകും ഉണ്ടാവുക.  ആദ്യഘട്ടത്തിൽ മേയര്‍ ആര്യാ രാജേന്ദ്രൻ, ഡി.ആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ മൊഴിയെടുക്കും. മേയറുടെ ഓഫീസിലുള്ളവരുടെയും മൊഴിയെടുത്തേക്കും. എകെജി സെന്‍റര്‍ പടക്കമേറ് അന്വേഷിച്ച സംഘം തന്നെയാണ് കത്ത് കേസും അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്‍റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് കേസ് അന്വേഷിക്കുക. നിലവിൽ പ്രാഥമിക അന്വേഷണം മാത്രം നടത്തി റിപ്പോർട്ട് നൽകും. പരാതിയിൽ ഇതുവരെയും എഫ് ഐ ആർ ഇട്ടിട്ടില്ല.

മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലുള്ള കത്ത് പുറത്തായതിന് പിന്നാലെ പാർട്ടിയിലെ വിഭാഗീയതയും വ്യക്തമായിരുന്നു. കേസന്വേഷണം പാർട്ടി പ്രവർത്തകരിലേക്ക് എത്തുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം മാത്രം മതി കേസെടുക്കണ്ട എന്ന തീരുമാനത്തിൽ എത്തിയത്. എന്നാൽ കത്തിന്‍റെ ഉറവിടം അന്വേഷിക്കണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും.