കത്ത് വിവാദം; മേയറുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

Jaihind Webdesk
Tuesday, November 8, 2022

തിരുവനന്തപുരം:കത്തുവിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആര്യയുടെ വീട്ടില്‍വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണം വൈകുന്നുവെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്‍റെ നേതൃത്വത്തിലാണു കേസ് അന്വേഷണം. എന്നാല്‍ പൊലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ തിരുവനന്തപുരം കോര്‍പറേഷന്‍ കത്തു വിവാദത്തില്‍ കഴിഞ്ഞ ദിവസമാണ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഇതിനു പിന്നാലെ അന്വേഷണം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ചിനോടു സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവിട്ടു.

അതേസമയം, അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുക എന്ന് മാത്രമാണ് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. കേസെടുത്ത് അന്വേഷിക്കുക എന്ന നിര്‍ദേശം ഉണ്ടാകാത്താതിനാല്‍ കസ്റ്റഡിയോ രേഖകള്‍ പിടിച്ചെടുക്കലോ ഒന്നും ഉണ്ടാവുകയില്ല. പെറ്റി കേസുകളുടെ സ്വഭാവത്തിലുള്ള അന്വേഷണമാകും മേയറുടെ പരാതിയില്‍ നടക്കുക. എസ് പി  എസ്.മധുസൂദനന് ഈ നിര്‍ദേശമാണ് ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കൈമാറിയിരിക്കുന്നത്.