കലിപ്പ് അടക്കാതെ സി പി എം പ്രവര്‍ത്തകർ; പൊതു സ്ഥലത്തെ കൊടിതോരണം നീക്കം ചെയ്തതിന് സി പി എം പ്രവര്‍ത്തകരുടെ ഭീഷണിയും കൊലവിളിയും

Jaihind News Bureau
Monday, January 27, 2025

കണ്ണൂര്‍: പൊതു സ്ഥലത്തെ കൊടിതോരണം നീക്കം ചെയ്തതിന് പഞ്ചായത്ത് ജീവനക്കാര്‍ക്ക് സി പി എം പ്രവര്‍ത്തകരുടെ ഭീഷണിയും കൊലവിളിയും. കണ്ണൂര്‍ പിണറായിലാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാട്ടിലെ പഞ്ചായത്ത് ഓഫീസ് ജീവനക്കാരെയാണ് സി പി എം ലോക്കല്‍ സെക്രട്ടറി നന്ദനന്‍ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച നാല് മണിയോടെയാണ് പിണറായി പഞ്ചായത്ത് ഓഫിസില്‍ സി പി എം പിണറായി ലോക്കല്‍ സെക്രട്ടറി നന്ദനന്‍ പ്രവര്‍ത്തകനായ നിഖില്‍കുമാര്‍, എന്നിവര്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.ഹൈകോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ഉത്തരവുകള്‍ പാലിച്ച് കൊണ്ട് പാതയോരങ്ങളിലെ ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ പഞ്ചായത്ത് ജീവനക്കാര്‍ നീക്കം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ സി പി എം നേതാക്കള്‍ പഞ്ചായത്ത് ഓഫിസിലേക്ക് വരികയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ജീവനക്കാരുടെ കൈയും, കാലും വെട്ടുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

സംഭവത്തില്‍ ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. സ്വതന്ത്രമായും നിര്‍ഭയമായും ജോലി ചെയ്യാന്‍ പുലര്‍ത്തുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഓഫിസ് പരിസരത്ത് നോട്ടീസ് പതിപ്പിച്ചു. മുഖ്യമന്ത്രിയുടെ നാട്ടിലെ പഞ്ചായത്ത് ഓഫിസ് ആയത് കൊണ്ട് തന്നെ പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് സി പി എം നേതൃത്വം.