ഗുഡ്‌വിന്‍ തട്ടിപ്പിലെ പ്രതികളുമായുള്ള സി.പി.എം ഉന്നത നേതാക്കളുടെ ബന്ധം : സമഗ്ര അന്വേഷണം വേണമെന്ന് ബെന്നി ബഹനാന്‍ എം.പി

Jaihind News Bureau
Sunday, August 2, 2020

 

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ കോടികളുടെ തട്ടിപ്പ് നടത്തി ജയിലിലായ ഗുഡ്‌വിന്‍ ജ്വല്ലറി ഉടമകളുമായി കേരളത്തിലെ ഉന്നത സി.പി.എം നേതാക്കള്‍ക്കുള്ള ബന്ധത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ എം.പി . നൂറുകണക്കിന് മലയാളികള്‍ വഞ്ചിക്കപ്പെട്ട കേസിലെ പ്രതികളുമായി ഉന്നത സി.പി.എം നേതാക്കള്‍ക്കുള്ള ബന്ധത്തെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഗുഡ്‌വിന്‍ ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിടയക്കം സി.പി.എമ്മിലെ അഞ്ച് ഉന്നതരുമായിട്ടുള്ള അടുത്ത ബന്ധമാണ് വ്യക്തമായത്. മഹാരാഷ്ട്രയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി തട്ടിപ്പ് കേസിലെ പ്രതികള്‍ നിക്ഷേപം ആകര്‍ഷിച്ചത് ഈ നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ തട്ടിപ്പിനിരയായ മലയാളികള്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഒന്നിലേറെ തവണ പരാതി നല്‍കിയിട്ടും ഇവര്‍ക്കെതിരെ കേരളത്തില്‍ ഒരു കേസും എടുത്തിട്ടില്ലെന്നത് ദുരൂഹ വര്‍ധിപ്പിക്കുന്നതായും ബെന്നി ബഹനാന്‍ എം.പി പറഞ്ഞു.

ഭരണത്തിന്‍റെ മറവില്‍ എന്തൊക്കെ വഴിവിട്ട സഹായങ്ങളാണ് ഗുഡ്‌വിന്‍ സഹോദരങ്ങള്‍ക്ക് സി.പി.എം ചെയ്തുകൊടുത്തതെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. ഇവർക്കെതിരെ കേരളത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നും ഇവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി  പണം നഷ്ടമായവർക്ക് തിരികെ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണിയെന്ന് എന്‍.ഐ.എയും കസ്റ്റംസും കണ്ടെത്തിയ റമീസ് ചോദ്യംചെയ്യലില്‍ നല്‍കിയതായി പറയപ്പെടുന്ന മൊഴി ഇതിനകം മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. വര്‍ഷങ്ങളായി കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകള്‍ വഴി കടത്തിയ സ്വര്‍ണ്ണത്തിലധികവും കൊണ്ടുപോയത് മഹാരാഷ്ട്രയിലേക്കാണെന്നും അവിടെ സാംഗ്ലി എന്ന സ്ഥലത്തു നിന്നും ആഭരണങ്ങളാക്കി വിറ്റഴിച്ചുവെന്നുമാണ് ഈ മൊഴിയില്‍ പറയുന്നത്. ഗുഡ്‌വിന്‍ ജ്വല്ലറിയുടെ ശാഖ ഉണ്ടായിരുന്ന സ്ഥലമാണ് സാംഗ്ലി. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ ഈ ദിശയിലും അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെന്നി ബെഹ്നാന്‍ എം.പി പറഞ്ഞു.