സിപിഎം ബ്രാഞ്ച് സെക്രട്ടറി തട്ടിപ്പ് നടത്തിയതായി പരാതി; തട്ടിപ്പ് നടത്തിയത് എറണാകുളം എഡിഎമ്മിന്‍റെ പേരിൽ

Jaihind Webdesk
Wednesday, May 8, 2019

സിപിഎം ബ്രാഞ്ച് സെക്രട്ടറി തട്ടിപ്പ് നടത്തിയതായി പരാതി. കാക്കനാട്ടെ ബ്രാഞ്ച് സെക്രട്ടറി കെ. ശ്യാംകുമാറാണ് എറണാകുളം അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എഡിഎം കെ.ചന്ദ്രശേഖരന്‍ നായര്‍ തൃക്കാക്കര പൊലീസിന് പരാതി നല്‍കി.

എറണാകുളം എഡിഎം എന്ന വ്യാജേന കാക്കനാട്ടെ വാട്ടര്‍ തീം പാര്‍ക്കില്‍ വിളിച്ച് രണ്ട് പുരുഷന്മാരും മൂന്നു കുട്ടികളും അടങ്ങുന്ന സംഘത്തെ സൗജന്യമായി പ്രവേശിപ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.  വാട്ടര്‍ തീം പാര്‍ക്കിന്‍റെ പി.ആര്‍.ഒയ്ക്കു വന്ന കോള്‍ പരിശോധിച്ചപ്പോഴാണ് വിളിച്ച നമ്പര്‍ സിപിഎം കാക്കനാട് ബ്രാഞ്ച് സെക്രട്ടറിയുടെ പേരിലുള്ളതാണെന്ന് വ്യക്തമായത്.

ട്രൂ കോളറില്‍ എഡിഎം എറണാകുളം എന്നാണ് ഈ നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ മാതൃകയില്‍ തന്‍റെ പേരില്‍ പലയിടത്തും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് എറണാകുളം എഡിഎം കെ.ചന്ദ്രശേഖരന്‍ നായര്‍ സംശയിക്കുന്നത്. തന്‍റെ ഔദ്യോഗികസ്ഥാനം വ്യാജമായി ഉപയോഗിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എഡിഎം തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേരുള്‍പ്പെടുത്തി പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതിയില്‍ കേസെടുക്കാന്‍ വകുപ്പുണ്ടോയെന്ന് നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്.

തട്ടിപ്പിനിരയായ വാട്ടര്‍ തീം പാര്‍ക്കുകാര്‍ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. പാര്‍ട്ടി സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്യാംകുമാര്‍ ശ്രമിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. തൃക്കാക്കര പൊലീസ് കേസെടുത്തില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് എഡിഎമ്മിന്‍റെ തീരുമാനം.