സമരപരിപാടിക്കായി സ്കൂള്‍ ബസുകള്‍ ദുരുപയോഗം ചെയ്ത് സിപിഎം അധ്യാപക സംഘടന; വിവാദം

Jaihind Webdesk
Saturday, July 23, 2022

കൊല്ലം: സിപിഎം അധ്യാപക സംഘടന  സമര പരിപാടിക്കായി സ്കൂൾ ബസുകൾ വ്യാപകമായി ദുരുപയോഗം ചെയ്തതിനെതിരെ പ്രതിഷേധം ശക്തം. കെഎസ്ടിഎ കൊല്ലം ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനും ധർണ്ണയ്ക്കും അധ്യാപകർ എത്തിയത് മോട്ടോർ വാഹന ചട്ടം ലംഘിച്ചുകൊണ്ട് സർക്കാർ സ്കൂളുകളുടേത് ഉൾപ്പെടെയുള്ള ബസുകളിലായിരുന്നു.

സിപിഎമ്മിന്‍റെ അധ്യാപക സംഘടനയായ കെഎസ്ടിഎ പ്രവർത്തകരാണ് സംഘടനയുടെ സമര പരിപാടിക്ക് സ്കൂൾ ബസുകൾ ദുരുപയോഗം ചെയ്തത്. കെഎസ്ടിഎ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിനും ധർണ്ണയ്ക്കും അധ്യാപകർ എത്തിയത് സ്കൂൾ ബസുകളിലായിരുന്നു. സർക്കാർ സ്കൂളുകളുടെ അടക്കം ബസുകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്താണ് അധ്യാപകർ യാത്ര ചെയ്തത്. കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കായിരുന്നു കെഎസ്ടിഎ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

മോട്ടോർ വാഹന വകുപ്പിന്‍റെ ചട്ടം ലംഘിച്ചാണ് കെഎസ്ടിഎ പ്രവർത്തകർ സ്കൂൾ ബസുകൾ ഉപയോഗിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കല്ലാതെ സ്കൂൾ ബസുകൾ ഉപയോഗിക്കരുതെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ ചട്ടം. സമര പരിപാടിക്ക് യാത്ര ചെയ്യാന്‍ അധ്യാപകർ സ്കൂൾ ബസുകൾ ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ഉയർന്നു. ചട്ടം ലംഘിച്ച് സ്കൂൾ ബസുകൾ ഉപയോഗിച്ചതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയാണ്.