അനധികൃതസ്വത്ത് സമ്പാദനം: സക്കീര്‍ ഹുസൈനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കി

Jaihind News Bureau
Monday, June 15, 2020

അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് സക്കീർ ഹുസൈനെതിരെ പാർട്ടി നടപടിയെടുത്തു. സി പി എം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും വി.എ സക്കീർ ഹുസൈനെ പുറത്താക്കി. ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും സക്കീർ ഹുസൈനെ തരംതാഴ്ത്തുതുകയും ചെയ്തു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം സംസ്ഥാനസമിതി അനുമതി നൽകി.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് സി.പി.എം കളമശേരി ഏരിയ സെക്രട്ടറി വി.എ.സക്കീർ ഹുസൈനെ
ഭാരവാഹിത്വത്തിൽനിന്നും പുറത്താക്കിയത്. ഇന്നു ചേർന്ന സി പി എം എറണാകുളം ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. കളമശേരിയിൽ നിന്നുള്ള പാർട്ടി ബ്രാഞ്ച് സെക്രട്ടറി കെ.കെ.ശിവൻ പാർട്ടി ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് നടപടി. ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും സക്കീർ ഹുസൈനെ തരംതാഴ്ത്തുതുകയും ചെയ്തു. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം സംസ്ഥാനസമിതി അനുമതി നൽകി.

അനധികൃത സ്വത്ത് സമ്പാദനവും, പാർട്ടി ഏരിയാ സെക്രട്ടറിയായതിന് ശേഷമുള്ള സംഘടനാ വിരുദ്ധ നടപടികൾക്കും എതിരെയായിരുന്നു സക്കീർ ഹുസൈനെതിരായ പരാതി. ഇതിൽ അന്വേഷണം നടത്താൻ പാർട്ടി ജില്ലാ കമ്മറ്റി അംഗങ്ങളായ സി.എം.ദിനേശ് മണി, പി.ആർ.മുരളി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സക്കീർ ഹുസൈന് കളമശ്ശേരിയിൽ അഞ്ച് വീടുണ്ടെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അനധികൃതമായി സ്വത്ത് സമ്പാധിച്ചതായും, പാർട്ടി അനുമതി കൂടാതെ വിദേശയാത്രകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

2019 ലാണ് കെ.കെ ശിവൻ ജില്ലാ കമ്മറ്റിക്ക്​ പരാതി നൽകിയത്. സക്കീർ ഹുസൈൻ കളമശേരി ഏരിയാ സെക്രട്ടറിയായശേഷം രണ്ടാം തവണയാണ് നടപടിക്ക് വിധേയനാകുന്നത്. 2016ൽ യുവ വ്യവസായിയെ തട്ടികൊണ്ടു പോയ കേസിൽ നേരത്തെ അറസ്റ്റിലാവുകയും, ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പാർട്ടി നീക്കുകയും ചെയ്തിരുന്നു. പിന്നീട് പാർട്ടി അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്നു കണ്ടെത്തിതിയതിനെ തുടർന്ന് സ്ഥാനം തിരികെ നൽകി. ഇതു കൂടാതെ നിരവധി പരാതികൾ സക്കീർ ഹുസൈനെതിരെ ഉയർന്നിരുന്നു. ഏറ്റവും ഒടുവിൽ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോഡ് അംഗം സിയാദിന്‍റെ ആത്മഹത്യ കുറിപ്പിൽ സക്കീറി​ന്‍റെ പേര് പരാമർശിക്കപ്പെട്ടതും, കോടി ക്കണക്കിന് രൂപയുടെ പ്രളയ ഫണ്ട് തട്ടിപ്പിൽ ബന്ധമുള്ളതെല്ലാം വിവാദമായിരുന്നു. ഇതു സംബന്ധിച്ചന്വേഷിച്ച 2 അംഗ അന്വേഷണ കമ്മീഷൻ ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ജില്ലാ കമ്മിറ്റി പരിഗണിച്ചിട്ടില്ല.