വെള്ളൂർ സഹകരണ ബാങ്കിലും സിപിഎം തട്ടിപ്പ്; നിക്ഷേപകരുടെ 44 കോടി ഭരണസമിതി തട്ടി; പാതിയില്‍ നിലച്ച് അന്വേഷണം

Jaihind Webdesk
Tuesday, July 27, 2021

കോട്ടയം : സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി വെള്ളൂര്‍ സഹകരണ ബാങ്കില്‍ നിന്ന് തട്ടിയത് നിക്ഷേപകരുടെ 44 കോടി രൂപ. ഭരണ സമിതിക്കെതിരെ നടപടി എടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തരവിട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. വിജിലന്‍സ് അന്വേഷണവും പാതി വഴിയില്‍ മുടങ്ങി.

30 വര്‍ഷമായി സിപിഎം നിയന്ത്രിത ഭരണ സമിതിയാണ് ബാങ്കിന്‍റെ ഭരണം. വ്യാപക വായ്പാ തട്ടിപ്പാണ് വെള്ളൂർ സഹകരണ ബാങ്കില്‍ അരങ്ങേറിയത്. 102 കോടി നിക്ഷേപ മൂലധനമുണ്ടായിരുന്നു വെള്ളൂര്‍ സഹകരണ ബാങ്കിന്. ഒരേ വസ്തുവിന്‍റെ ഈടില്‍ ഇഷ്ടക്കാര്‍ക്ക് വായ്പ നല്‍കി. ഈടില്ലാതെ വായ്പകള്‍ നല്‍കി. ജീവനക്കാരുടെ ബന്ധുക്കളും പണം യഥേഷ്ടം കൈക്കലാക്കി. ഇതോടെ വെള്ളൂര്‍ ബാങ്കിലെ നിക്ഷേപകരും തട്ടിപ്പിന് ഇരയായവും ദുരിതത്തിലായി.

സഹകരണ വകുപ്പ് 65, 68 വകുപ്പ് പ്രകാരം അന്വേഷണം നടന്നു. 1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച് പിടിക്കാനും ഉത്തരവായി. എന്നാല്‍ വിജിലന്‍സ് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കൊവിഡിന്‍റെ പേരില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടിലാണ്.