സ്വർണ്ണക്കടത്തില്‍ മറനീക്കുന്ന ഉന്നത സി.പി.എം ബന്ധങ്ങള്‍; സ്വർണ്ണക്കടത്തുകാർക്ക് മുമ്പും സി.പി.എം തണലൊരുക്കി | Video Story

Jaihind News Bureau
Monday, July 6, 2020

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് സി.പി.എം ഉന്നത നേതൃത്വം എന്നും സുരക്ഷാകവചം ഒരുക്കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിലും പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എം ഉന്നത നേതൃത്വവുമാണ്. മുമ്പ് സ്വര്‍ണ്ണ കടത്തിന് പിടിക്കപ്പെട്ട ഫയാസ് ജയിലില്‍ നിന്നും പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് സി.പി.എം ചാനല്‍ അഭിമുഖം നടത്തിയത്. അന്ന് ഫയാസിനെ വെള്ളപൂശാന്‍ സി.പി.എം ചാനല്‍ മേധാവിയും നിലവിലെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് അന്വേഷണം മേല്‍ത്തട്ടിലേക്ക് നീങ്ങുമ്പോള്‍ സി.പി.എം ഉന്നതർക്ക് സ്വർണ്ണക്കടത്തുകാരുമായുള്ള ബന്ധം സജീവമായി ഉയർന്നുവരികയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന അനധികൃത സ്വർണ്ണക്കടത്തില്‍ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും നേരിട്ട് ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകള്‍.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് പാഴ്സലിലാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. സ്വർണ്ണക്കടത്തുകാരെ വെള്ളപൂശാന്‍ സി.പി.എം മുമ്പും ശ്രമിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തില്‍ പിടിയിലായ ഫയാസിനെ വെള്ളപൂശാന്‍ പാർട്ടി നിയന്ത്രണത്തിലുള്ള ചാനല്‍ മണിക്കൂറുകളാണ് മാറ്റിവെച്ചത്. ഇയാളുമായുള്ള അഭിമുഖം നടത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ജോണ്‍ ബ്രിട്ടാസാണ്. അഴിമതിയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന പ്രതിപക്ഷ ആരോപണത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് സ്വർണ്ണക്കടത്തുകാരന് പാർട്ടി നിയന്ത്രണത്തിലുള്ള ചാനല്‍ നല്‍കിയ പ്രാധാന്യം.

സ്വർണ്ണക്കടത്തുകാർക്ക് സുരക്ഷ ഒരുക്കുന്നതില്‍ ചില സി.പി.എം ഉന്നതർക്കും മന്ത്രിമാർക്കും ബന്ധം ഉണ്ടെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. ഇതിന് ശക്തി പകരുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാർത്തകള്‍.