സിപിഎം സമ്മേളനത്തിന് കൊടി ഉയർന്നു; കല്ലുകടിയായി ജി സുധാകരന്‍റെ പ്രതിഷേധ കത്ത്

Jaihind Webdesk
Tuesday, March 1, 2022

കൊച്ചി : സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിനിടെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ജി സുധാകരൻ പാർട്ടിക്ക് കത്ത് നൽകിയത് സമ്മേളനത്തിലെ കല്ലുകടിയായി.

സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്ന് വ്യക്തമാക്കി പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ആണ് ജി സുധാകരൻ കത്ത് നൽകിയത്. സംസ്ഥാന സമിതിയിൽ 75 വയസെന്ന പ്രായ പരിധി കർശനമാക്കുമെന്ന തീരുമാനത്തിനിടെ ജി സുധാകരന് ഇളവ് ലഭിക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെ തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി അദ്ദേഹം കത്ത് നൽകുകയായിരുന്നു.

രാവിലെ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തിയതോടെയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളത്തെ ബിജെപി അപകടകരമായി കാണുന്നുവെന്ന് യെച്ചൂരി പറഞ്ഞു. കേരളത്തിന്‍റെ ബദൽ നയങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ അടിസ്ഥാന ശിലകളെ ബിജെപി സർക്കാർ തകർക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ പോലും അട്ടിമറിക്കുന്നതിനെതിരെ ജനകീയ പ്രതിരോധം ഉയരണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.