‘അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി’ ; പിണറായി സർക്കാരിനെ വിമർശിച്ച ജാമിയ മില്ലിയ വിദ്യാർത്ഥിക്കെതിരെ സി.പി.എം ഭീഷണി

Jaihind News Bureau
Sunday, December 29, 2019

മലപ്പുറം : പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പിണറായി സർക്കാരിനെ വിമർശിച്ച ജാമിയ മില്ലിയ വിദ്യാർത്ഥിനിക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ഭീഷണി. മലപ്പുറം കൊണ്ടോട്ടിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി വേദിയില്‍ പ്രസംഗിക്കുന്നതിനിടെ ‘പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത  പിണറായി വിജയൻ സർക്കാരിന്‍റെ നടപടിയെ അപലപിക്കുന്നു’ എന്ന് അയ്ഷ റെന്ന പറഞ്ഞതോടെയാണ് പ്രവര്‍ത്തകർ ആക്രോശിച്ചുകൊണ്ട് റെന്നക്കെതിരെ തിരിഞ്ഞത്.

കൊണ്ടോട്ടിയിൽ പൗരത്വ നിയമഭേദഗതിയ്ക്ക് എതിരെ ചില യൂത്ത് ക്ലബ്ബുകളും വ്യാപാരി സംഘടനകളും കൊണ്ടോട്ടി മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അയ്ഷ റെന്നയ്ക്ക് ദുരനുഭവമുണ്ടായത്. പിണറായി സർക്കാരിന്‍റെ നടപടിയെ വിമർശിച്ചതോടെ അയ്ഷയെ തടഞ്ഞ് മുദ്രാവാക്യം വിളിച്ച സി.പി.എം പ്രവർത്തകർ മാപ്പ് പറയാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ട് ചുറ്റും വളഞ്ഞു.

”നമ്മളെ തടയാനും അടിച്ചമർത്താനും ശ്രമിക്കുന്ന എല്ലാവരും ബി.ജെ.പിക്ക് സമമാണ്. ചന്ദ്രശേഖർ ആസാദിനെതിരായ പൊലീസ് നടപടിയെ ഞാൻ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ജാമിയ മില്ലിയയിലെ വിദ്യാർത്ഥികളെ അനുകൂലിച്ച് പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ സർക്കാരിനെയും ഞാൻ അപലപിക്കും. ഈ സമരം നമ്മൾ മുന്നോട്ട് തന്നെ കൊണ്ടുപോകും” – എന്ന് അയ്ഷ റെന്ന പ്രസംഗത്തിനിടയില്‍ പരാമർശിച്ചതോടെ ആക്രോശിച്ചുകൊണ്ട് സി.പി.എം പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.

എന്‍റെ അഭിപ്രായമാണ് പറഞ്ഞെതെന്ന് അയ്ഷ വിശദീകരിച്ചെങ്കിലും ‘നിന്‍റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി’ എന്നായിരുന്നു സഖാക്കളുടെ മറുപടി. ഇതിന് ശേഷം, വേദിയുടെ പുറത്തും സി.പിഎം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി മുദ്രാവാക്യം വിളിച്ചു. വേദിയുടെ മുന്നിലെത്തി അയ്ഷയെ തടഞ്ഞ സി.പി.എം പ്രവർത്തകര്‍ മാപ്പ് പറയണമെന്നും ആക്രോശിച്ചു. വളരെ ബുദ്ധിമുട്ടിയാണ് സംഘാടകർ അയ്ഷയെ പ്രതിഷേധക്കാരിൽ നിന്ന് മാറ്റിയത്.

ഇതോടെ സി.പി.എമ്മിന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ അളവുകോല്‍ എന്താണെന്ന് ഏവർക്കും വ്യക്തമായി. സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പും അസഹിഷ്ണുതയും വ്യക്തമാക്കുന്ന സംഭവം കൂടിയായി ഇത്. വിമർശനങ്ങളോട് സഹിഷ്ണുത കാണിക്കാത്ത മുഖ്യമന്ത്രിയുടെ അതേനയം തന്നെയാണ് അണികളും പ്രകടമാക്കുന്നത്. ഇതിനെതിരെ വി.ടി ബല്‍റാം അടക്കമുള്ള നേതാക്കള്‍ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സ്വന്തം കൂട്ടത്തിലുള്ള ഫാസിസ്റ്റുകളെ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

അയ്ഷ റെന്നക്കെതിരായ സി.പി.എം പ്രതിഷേധം കാണാം :