സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും

Jaihind Webdesk
Monday, July 8, 2019

Kodiyeri-Syamala-1

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും. ആന്തുരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുക്കും.

ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ആദ്യമായാണ് സിപിഎം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുന്നത്. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിനും, ജില്ലാ സെക്രട്ടറിയേറ്റിനും വ്യത്യസ്ത നിലപാടാണുള്ളത്. നഗരസഭ അധ്യക്ഷയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ ശ്യാമളയ്ക്ക് ഇതിൽ  വീഴ്ച പറ്റിയെന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ. ഇക്കാര്യം ധർമ്മശാലയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജനും സംസ്ഥാന സമിതിയംഗം പി.ജയരാജനും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സിപിഎം സംസ്ഥാന സമിതി വീഴ്ച ഉദ്യോഗസ്ഥരുടേതെന്ന് മാത്രമാണെന്ന് വിലയിരുത്തി.ഇത് സംസ്ഥാന സെക്രട്ടറി പരസ്യമാക്കിയതോടെ പാർട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്ത് വന്നു. കൺവെൻഷൻ സെന്‍ററിന്  അന്തിമാനുമതി വൈകിയതിൽ ആന്തുർ നഗരസഭയ്ക്കോ അധ്യക്ഷയ്ക്കോ വീഴ്ച ഉണ്ടായില്ല എന്ന സംസ്ഥാന സമിതി നിലപാട്  ജില്ലാ കമ്മിറ്റിക്ക് അംഗീകരിക്കേണ്ടി വരും. എന്നാൽ അധ്യക്ഷയ്ക്കെതിരെ നഗരസഭാ പരിധിയിലെ പാർട്ടി അംഗങ്ങളും, പാർട്ടി ബന്ധുക്കളും പരക്കെ പ്രകടിപ്പിച്ച നീരസം കാണാതിരിക്കരുതെന്ന് ചിലർക്ക് അഭിപ്രായമുണ്ട്.

സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിന് വിരുദ്ധമായി വ്യത്യസ്ത നിലപാട് എടുത്തവർക്ക് തിരുത്തേണ്ടി വരും. യോഗത്തിൽ പി.കെ ശ്യാമളയ്ക്ക് തന്‍റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയേക്കും. എം.വി ജയരാജനും, പി.ജയരാജനും വ്യത്യസ്ത നിലപാട് സ്വീകരിക്കാനുണ്ടായ സാഹചര്യവും യോഗത്തിൽ വ്യക്തമാക്കുമെന്നാണ് സൂചന.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനും ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.