കോന്നിയില്‍ സിപിഎം അക്രമം; ഭീഷണിയും ആക്രമണവും മുൻ പഞ്ചായത്തംഗം ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് നേരെ; കോന്നി എംഎൽഎയുടെ ആളുകളാണെന്നും കൊന്നുകളയുമെന്നും ഭീഷണി

Jaihind News Bureau
Monday, June 22, 2020

പത്തനംതിട്ട കോന്നിയിൽ മുൻ പഞ്ചായത്തംഗം ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് നേരെ സിപിഎം ആക്രമണം. ആറ് ഓളം സിപിഎം ഗുണ്ടകളാണ് ആക്രമണം നടത്തിയത്. കോന്നി എംഎൽഎയുടെ ആളുകളാണെന്നും കൊന്നുകളയുമെന്നും ഭീഷണി മുഴക്കിയാണ് ആക്രമണം നടത്തിയത്.

കോന്നി ഊട്ടുപാറയിലാണ് സിപിഎം, ഡിവൈഎഫ്ഐ ക്രിമിനലുകൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വീടുകളിൽ കയറി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഒരു മണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് സിപിഎം പ്രവർത്തകരായ ഇവർ ഒരു വീട് കേന്ദ്രീകരിച്ച് വാറ്റും കഞ്ചാവ് വില്പനയും നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് ഊട്ടുപാറ പുത്തൻവീട്ടിൽ ബിനു, ഭാര്യ രാജി, ബിനുവിന്‍റെ മാതാവ് രാജമ്മ എന്നിവർക്ക് നേരെ ആക്രമണം നടത്തിയത്.

പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരായ അഭിലാഷ് , നിസാം , സതീഷ് തുടങ്ങി 6 ഓളം പേരാണ് വീടുകളിൽ അക്രമണം നടത്തിയത്‌. ‘കോന്നി എംഎൽഎ യുടെ ആളുകളാടാ ഞങ്ങൾ’ എന്ന് ആക്രോശിച്ചു കൊണ്ടാണ് ഇവർ സ്ത്രീകളെ ഉൾപ്പെടെ കല്ലും കമ്പുകളും ഉപയോഗിച്ച് മർദ്ദിച്ചത്. ‘എന്തുവന്നാലും ഞങ്ങടെ എം എൽ എ നോക്കുമെടാ’ എന്നും ഇവർ പറഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. മുൻ കോൺഗ്രസ് പഞ്ചായത്തംഗം മായ സുമതി രമണനേയും പ്രദേശത്തെ മറ്റു ചില വീടുകളിലുള്ളവർക്കു നേരെയും അസഭ്യം പറഞ്ഞ് ആക്രമിക്കുവാനും ഇവർ ശ്രമിച്ചു. മർദ്ദനമേറ്റ ഇവർ ചികിത്സ തേടിയിരിക്കുകയാണ്. അക്രമികൾക്കെതിരെ കോന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോന്നി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഎം അതിക്രമം വർദ്ധിച്ചിരിക്കുകയാണ്. ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്ജ് , മുൻ ഡിസിസി പ്രസിഡന്‍റ് പി. മോഹൻ രാജ് എന്നിവർ സിപിഎം അതിക്രമത്തിൽ പ്രതിഷേധിച്ചു.