പ്രളയഫണ്ട് തട്ടിപ്പും ബാങ്ക് ഡയറക്ടറുടെ ആത്മഹത്യയും; ആരോപണവിധേയർക്കെതിരെ സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Jaihind News Bureau
Tuesday, March 17, 2020

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലും അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സിയാദിന്‍റെ ആത്മഹത്യയിലും ആരോപണ വിധേയരായ പാർട്ടി നേതാക്കൾക്കെതിരെ സി.പി.എം അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഉൾപ്പടെയുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുമെന്നാണറിയുന്നത്.

എറണാകുളത്തെ സി പി എം നേതാക്കൾക്കെതിരെ സമീപകാലത്ത് ഉയർന്നുവന്ന ഏറ്റവും ഗുരുതര ആരോപണവും സാമ്പത്തിക തിരിമറിയുമാണ് പ്രളയഫണ്ട് തട്ടിപ്പും സിയാദിന്‍റെ ആത്മഹത്യാ കുറിപ്പും. പാർട്ടി നേതാക്കൾ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ അവർക്കെതിരെ അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് പരാതി ഉന്നയിക്കുന്നത് പാർട്ടി നേതാക്കളും  പ്രവർത്തകരും തന്നെ എന്നതാണ് പ്രളയ ഫണ്ട് തട്ടിപ്പ് വിവാദം സി പി എമ്മിനെ ഇത്രമേൽ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ശനിയാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ പ്രതികളായവർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തില്ല എന്നായിരുന്നു ജില്ലാ സെക്രട്ടറി പിഎൻ മോഹനന്‍റെ പ്രതികരണം.

ഇതിനിടെ പ്രളയഫണ്ട് തട്ടിപ്പ് കേസിൽ സ്വതന്ത്ര അന്വേഷണം എന്നാവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ, സിപിഎം അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി. ഇന്നലെയാണ് അന്വേഷണ കമ്മീഷനെ നിയമിക്കാൻ സി പി എം തീരുമാനിച്ചത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എം ഇസ്മയിൽ, പി. ആർ മുരളി എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലും, അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സിയാദിന്‍റെ ആത്മഹത്യയിലും ആരോപണ വിധേയരായ പാർട്ടി നേതാക്കൾക്കളിൽ നിന്നും അന്വേഷണ കമ്മിഷൻ ഇന്ന് മൊഴിയെടുക്കും.

കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, തൃക്കാക്കര സെൻട്രൽ ലോക്കൽ സെക്രട്ടറി കെ.പി. ജയചന്ദ്രൻ, കുന്നേ പറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി.നിസാർ എന്നിവർക്കെതിരെയാണ് സിയാദിന്റെ ആത്മഹത്യാകുറിപ്പിൽ പരാമർശമുള്ളത്. ഇവരുടെ മാനസിക പീഡനം മൂലമാണ് താൻ ജീവൻ അവസാനിപ്പിക്കുന്നതെന്ന് ബാങ്ക് ഡയറക്ടർ സിയാദ് ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സിയാദിന്റെ ബന്ധുക്കളും, സക്കീർ ഹുസൈൻ ഉൾപ്പടെ ഉള്ളവർക്കെതിരെ പാർട്ടി നടപടിയും, നിയമ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

25 ലക്ഷത്തോളം രൂപയുടെ പ്രളയ ഫണ്ട് തട്ടിപ്പിലും സക്കീർ ഹുസൈന് പങ്കുണ്ടെന്ന ആരോപണമുണ്ട്. ഈ കേസിലെ രണ്ടാം പ്രതി എം. നിധിൻ ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നു. സക്കീർ ഹുസൈനെ കൂടാതെ തൃക്കാക്കര ലോക്കൽ കമ്മിറ്റിയിലെ ചിലർക്കും പ്രളയഫണ്ട് തട്ടിപ്പിൽ ബന്ധമുണ്ട്. പാർട്ടി നിയോഗിച്ച രണ്ടംഗ അന്വേഷണ കമീഷൻ സമർപ്പിക്കുന്ന  റിപ്പോർട്ട് നാളെ ചേരുന്ന ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. തുടർന്നാവും അച്ചടക്ക നടപടിയിൽ തീരുമാനമുണ്ടാവുക. നേരത്തെ പ്രളയ ഫണ്ട് തട്ടിപ്പിൽ പ്രതി ചേർക്കപ്പെട്ട എംഎം അൻവർ, നിധിൻ, കൗലത്ത് അൻവർ എന്നിവരെ സി പി എമ്മിൽ നിന്നും പുറത്താക്കിയിരുന്നു.