തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ശബരിമലയുടെ പേര് പറയാതെ സിപിഎമ്മിന്‍റെ റിപ്പോർട്ട്; ഒരു വിഭാഗം വിശ്വാസികൾ എതിരായത് തിരിച്ചടിയായെന്നും വിലയിരുത്തൽ

തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് ശബരിമലയെക്കുറിച്ച് പരാമർശമില്ലാതെ സിപിഎമ്മിന്‍റെ റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ വിശ്വാസികളിൽ ഒരു വിഭാഗം തിരിച്ചടി ആയെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അതേസമയം തെരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ച വിശദമായ ചർച്ച സംസ്ഥാന സമിതിയിൽ നാളെയും തുടരും.

തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിലും ആവർത്തിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചത്.

ശബരിമല തെരഞ്ഞെടുപ്പിൽ സ്വാധീനഘടകമായോ എന്നത് സംബന്ധിച്ച് പ്രമുഖ നേതാക്കൾ വ്യത്യസ്ഥ അഭിപ്രായങ്ങൾ നേരത്തേ പ്രകടിപ്പിച്ചിരുന്നു. അതേസമയം വിശ്വാസികളിൽ വലിയൊരു വിഭാഗത്തിന്‍റെ നിലപാട് ഇത്തവണ പാർട്ടിക്ക് അനുകൂലമായില്ല എന്ന പരാമർശമാണ് റിപ്പോർട്ടിലുള്ളത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. ന്യൂനപക്ഷ ഏകീകരണം സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തിരിച്ചടി സംബന്ധിച്ച് വിശദമായ ചർച്ചയാണ് സംസ്ഥാന സമിതിയിൽ നടക്കുന്നത്. പാലക്കാട്ടെ പരാജയം സംബന്ധിച്ച് ചില പരാതികളും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. പരാജയം സംബന്ധിച്ച് അന്വേഷണ കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്. ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നുണ്ട്.

Comments (0)
Add Comment