ചില നേതാക്കള്‍ പണം വാങ്ങി, മാറി വോട്ട് ചെയ്തു, സ്ഥാനാർത്ഥിത്വത്തിനായി ചരടുവലികള്‍ നടത്തി: സിപിഎം അവലോകന റിപ്പോര്‍ട്ട്‌

Jaihind Webdesk
Wednesday, September 1, 2021

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘടകകക്ഷി സ്ഥാനാർത്ഥികളിൽ നിന്ന് ചില നേതാക്കൾ പണം വാങ്ങിയെന്ന് സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പാർട്ടി രീതിയില്‍ നിന്ന് നേതാക്കള്‍ വ്യതിചലിച്ചതായി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഘടകകക്ഷി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് അവരില്‍ നിന്ന് പണം വാങ്ങുന്നത് പാര്‍ട്ടി രീതിയല്ലെന്നും  ഇത്തരം സംഭവങ്ങള്‍ നടന്ന ജില്ലകളില്‍ പരിശോധിച്ച് തിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഘടകകക്ഷി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഇടങ്ങളിൽ ചില പാർട്ടി നേതാക്കൾ നേരിട്ട് പണം വാങ്ങി എന്ന് അവലോകന റിപ്പോർട്ടിൽ പരയുന്നു.  സിപിഎം നേതാക്കൾ ഘടകകക്ഷി പാർട്ടികളുടെ കൈയിൽ നിന്ന് നേരിട്ട് പണം വാങ്ങുന്നു എന്ന ആരോപണത്തെ ശരിവെക്കുന്നതാണ് അവലോകന റിപ്പോർട്ട്. ഇത് പാർട്ടി തുടരുന്ന ശൈലിയുടെ ലംഘനമാണെന്നും റിപ്പോർട്ടിലുണ്ട്. ചില സ്ഥലങ്ങളില്‍ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ മാറി വോട്ട് ചെയ്ത സംഭവങ്ങളും ഉണ്ടായെന്നും ഇത് തിരുത്തപ്പെടണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങൾ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന പ്രചരണ ശൈലിയുണ്ട്. ചിലയിടങ്ങളിൽ ബൂര്‍ഷ്വാ പാർട്ടികളെ പോലെ സ്ഥാനാർത്ഥിയാകാൻ വേണ്ടി മുൻകൂർ പ്രവർത്തനങ്ങളും ചരടുവലികളും നടത്തുന്ന ചിലരും പാർട്ടിയിലുണ്ട്. സ്ഥാനാർത്ഥിത്വം ലഭിക്കാൻ മതനേതാക്കളെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കുന്നവരും പാർട്ടിയിൽ ഉണ്ട് എന്നും റിപ്പോർട്ടിൽ വിമര്‍ശനമുണ്ട്‌. പൊന്നാനിയിലും കുറ്റ്യാടിയിലും നടന്ന സംഭവങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. മാധ്യമങ്ങളും എതിരാളികളും പാര്‍ട്ടിക്കെതിരെ ഈ സംഭവത്തെ ഉപയോഗിച്ചു. കുറ്റ്യാടിയില്‍ മോഹനന്‍ മാസ്റ്ററുടെ കുടുംബത്തിന് എതിരെ വരെ പരാമര്‍ശങ്ങളുണ്ടായി. ഇത്തരം കാര്യങ്ങള്‍ തിരുത്തപ്പെടേണ്ടതാണെന്ന് അവലോകന റിപ്പോർട്ടില്‍ പറയുന്നു.