മുഖ്യമന്ത്രിയുടെ മകള്‍ വീണ പ്രതിയായ സിഎംആര്‍എല്‍ ഇടപാട് കേസില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പോര് മുറുകുന്നു. വീണയുടെ കേസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരസ്യപ്രതികരണമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. കൂടാതെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്നു വിളിക്കുന്നതിലും ബിനോയ് വിശ്വം കുറ്റം കണ്ടെത്തിയിരുന്നു. ഇത്ര അസൂയ പാടില്ലെന്നാണ് ശിവന്‍ കുട്ടി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ലെന്നും അതിനാല്‍ സിപിഐ വീണയെ പിന്തുണയ്ക്കുന്നില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരസ്യ പ്രതികരണതില്‍ അമര്‍ഷവുമായി മന്ത്രി വി. ശിവന്‍കുട്ടിയാണ് ആദ്യം രംഗത്തുവന്നത്. വീണയുടെ കേസിനെപ്പറ്റി ബിനോയി വിശ്വം ഉത്കണ്ഠപ്പെടേണ്ടതില്ലെന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. വീണയ്ക്ക് വീണയുടെ കാര്യം നോക്കാന്‍ അറിയാം. വിമര്‍ശിക്കാന്‍ വേറെ പ്രതിപക്ഷനേതാവുണ്ടെന്ന കുറ്റപ്പെടുത്തലും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി.
സിപിഐ സംസ്ഥാന സെക്രട്ടറിക്കു മറുപടി നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടിയെത്തിയതാണ് ടേണിംഗ് പോയിന്റ്. എല്‍ഡിഎഫില്‍ ശിവന്‍കുട്ടിക്ക് പ്രത്യേക സ്ഥാനമോ അധികാരമോഇല്ല. പക്ഷേ, ശിവന്‍കുട്ടി പറഞ്ഞതെല്ലാം എല്‍ഡിഎഫിനെ ചാരിയാണ്. ഔദ്യോഗികമായി പ്രതികരിച്ചതുമില്ല എന്നാല്‍ പറയാനുള്ളതെല്ലാം വ്യക്തമായി ബിനോയി വിശ്വത്തിന് മനസ്സിലാകും വിധം ശിവന്‍കുട്ടി പറയുകയും ചെയ്തു.
പാര്‍ട്ടിയുടെ അറിവോടെയാണ് ശിവന്‍കുട്ടിയുടെ മറുപടിയെന്നാണ് സൂചന. എസ്എഫ്ഐഒയുടെ കുറ്റപത്രം വന്നതിനുപിന്നാലെ, മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞാക്രമിക്കാന്‍ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി ബിനോയ് വിശ്വം രംഗത്തുവന്നിരുന്നു. ഇത് സിപിഐയ്ക്കുള്ളില്‍ വിമര്‍ശനത്തിനിടയാക്കി. ഇതിന്റെ ഭാഗമായാണ് നിലപാടുമാറ്റം. മുഖ്യമന്ത്രിക്കുനേരേ ഉന്നമിട്ടുള്ള എല്ലാനീക്കങ്ങളെയും പ്രതിരോധിക്കാന്‍ രംഗത്തിറങ്ങും. എന്നാല്‍, സിഎംആര്‍എല്‍ അടക്കം വ്യക്തിപരമായി ഉണ്ടാകുന്ന കേസിന്റെ ബാധ്യത രാഷ്ട്രീയമായി ഏറ്റെടുക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം ബിനോയ് വിശ്വം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ‘വീണാ വിജയന്റെ കേസ് ഒരു കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ്. സിപിഐ മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നില്‍ക്കും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കാര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ല.’ -ഇതായിരുന്നു ബിനോയിയുടെ പ്രതികരണം. സിഎംആര്‍എല്‍ കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയക്കേസായി സിപിഎം അവതരിപ്പിക്കുമ്പോഴാണ് സിപിഐ വിരുദ്ധനിലപാട് സ്വീകരിച്ചത്. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്