സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിന്‍റെ ഗൂഢശ്രമം

Jaihind Webdesk
Tuesday, October 30, 2018

കോഴിക്കോട് മുക്കം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിന്‍റെ ഗൂഢശ്രമം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി യുഡിഫ് അംഗങ്ങളുടെ നോമിനേഷൻ റിട്ടേണിംഗ് ഓഫീസർ തള്ളി. വിഷയത്തിൽ ശക്തമായ സമരവുമായി മുൻപോട്ടു പോകുമെന്ന് യുഡിഫ് വ്യക്തമാക്കി.

ദീർഘകാലമായി യുഡിഫ് ഭരിച്ചിരുന്ന കോഴിക്കോട് മുക്കം സർവീസ് സഹകരണ ബാങ്കിന്‍റെ ഭരണ സമിതി തെരഞ്ഞെടുപ്പ് വേളയിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു ഭരണം പിടിച്ചെടുക്കാൻ സിപിഎം രഹസ്യനീക്കം നടത്തുന്നത്. ബാങ്കിന്‍റെ റിട്ടേർണിംഗ് ഓഫീസറും നേരത്തെ ഇൻസ്പെക്ടറുമായിരുന്ന അഭിലാഷ് മുഖേന യുഡിഫ് അംഗങ്ങളുടെ നോമിനേഷൻ തള്ളി. മെമ്പർഷിപ് രജിസ്റ്ററിൽ ഒപ്പുവെച്ചില്ല എന്ന അടിസ്ഥാന രഹിതമായ ആരോപണമാണ് ഇതിനു വേണ്ടി റിട്ടേർണിംഗ് ഓഫീസർ ഉന്നയിക്കുന്നത്. അന്തിമ വോട്ടർ പട്ടിക പോലും പുറത്തിറക്കിയ ശേഷമുള്ള ഇ ആരോപണം യുഡിഫ് പാടെ തള്ളിക്കളയുകയാണ്.

ഒരു വിഭാഗം അംഗങ്ങളുടെ നോമിനേഷൻ തള്ളിക്കളയുന്നതിനൊപ്പം ശേഷിക്കുന്നവരെ ലക്ഷങ്ങൾ നൽകി വിലക്കെടുക്കാനും സിപിഎം ശ്രമം നടത്തുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് യുഡിഫ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കോഴിക്കോട് സഹകരണ ഓഫീസിനു മുന്നിൽ കൂട്ടധർണ നടത്തി.