സ്വർണ്ണക്കടത്തില്‍ സി.പി.എമ്മില്‍ ചേരിപ്പോര് ; പാർട്ടിക്ക് മുന്നില്‍ പരാതി ഉന്നയിക്കാനൊരുങ്ങി ജയരാജന്‍

Jaihind News Bureau
Wednesday, September 16, 2020

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടത് സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടെ പാര്‍ട്ടിക്ക് മുന്നിൽ പരാതി ഉന്നയിക്കാനൊരുങ്ങി മന്ത്രി ഇ.പി ജയരാജൻ. സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്ക് പിന്നാലെ
ഇ.പി ജയരാജന്‍റെ മകന്‍ ജെയ്സന്‍റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് പരാതി. സ്വപ്നയ്ക്കൊപ്പം ജെയ്സന്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തുവിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ജയരാജൻ സംശയിക്കുന്നത്. അടുത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജന്‍ പരാതി ഉന്നയിക്കുമെന്നാണ് സൂചന. ഇതിലൂടെ സ്വർണ്ണക്കടത്ത് കേസിൽ പാർട്ടിക്കുള്ളിലെ ചേരിതിരിവ് കൂടിയാണ് മറനീക്കി പുറത്തുവരുന്നത്.

സ്വർണ്ണക്കടത്ത് കേസില്‍ സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കി ഓരോദിവസവും കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും മന്ത്രി ഇ.പി ജയരാജന്‍റെയും മക്കളുടെ ബന്ധവും പുറത്തുവന്നതിന് പിന്നാലെയാണ് സംഭവത്തില്‍ ജയരാജന്‍ തന്നെ പാർട്ടിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.  കേസിലെ പ്രധാന പ്രതി സ്വപ്നാ സുരേഷിനൊപ്പം ജെയ്സണ്‍ നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ജയരാജന്‍ സംശയിക്കുന്നത്. 2018 ലാണ് സ്വപ്നാ സുരേഷിന് ഇ.പി ജയരാജന്‍റെ മകന്‍ വിരുന്ന് സത്കാരം ഒരുക്കിയത്. പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ചതിന്‍റെ പ്രത്യുപകാരമായാണ് സ്വപ്നയ്ക്ക് ജെയ്സണ്‍ വിരുന്നൊരുക്കിയത്. അന്ന് സ്വപ്നയും ബിനീഷും ജെയ്സണുമടക്കം ഏഴ് പേർ പങ്കെടുത്ത പാർട്ടിക്കിടെ എടുത്ത ചിത്രങ്ങളില്‍ ചിലതാണ് പുറത്തുവന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജെയ്സന്‍റെ ചിത്രം പുറത്തുവന്നത്.

2018 ന് ശേഷം സ്വപ്നയുമായി ജെയ്സണ് യാതൊരു ബന്ധവും ഇല്ലെന്നാണ് ഇ.പി ജയരാജന്‍റെ വാദം. മകനും സ്വപ്നയുമായുള്ള ചിത്രം പുറത്തുവിട്ട് തന്നെയും കുടുംബത്തെയും ബിനീഷ് കോടിയേരി ആക്ഷേപിച്ചെന്നാണ് ജരാജന്‍റെ പരാതി. ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാകും ജയരാജന്‍ പാർട്ടി സെക്രട്ടറിയേറ്റില്‍ പരാതി ഉന്നയിക്കുക. അതേസമയം ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെ ഇ.പി ജയരാജന്‍ കോടിയേരിക്ക് എതിരാണ്. പുതിയ പരാതി കൂടി വരുന്നതോടെ സി.പി.എമ്മില്‍ കോടിയേരി-ജയരാജന്‍ തർക്കം രൂക്ഷമാകാനാണ് സാധ്യത.

ഇതിനുപുറമെ പാർട്ടി ചാനലായ കൈരളിയില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ജോണ്‍ ബ്രിട്ടാസ് ലൈഫ് മിഷനില്‍ കമ്മീഷന്‍ നല്‍കിയ വാർത്ത പുറത്തുവിട്ടത്. ആ ചർച്ചയില്‍ പങ്കെടുത്ത തോമസ് ഐസക്ക് ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്‍ കൈപ്പറ്റിയത് മന്ത്രി ഇ.പി ജയരാജന്‍റെ മകന്‍ ജെയ്സനാണെന്ന വാർത്തകള്‍ പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിലൂടെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ ചേരിതിരിവ് കൂടിയാണ് മറനീക്കി പുറത്തുവരുന്നത്. അടുത്ത പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിലും സംസ്ഥാന സമിതിയിലും പാർട്ടിയുടെ ഉന്നതതലത്തിലെ തർക്കം രൂക്ഷമായേക്കും.

teevandi enkile ennodu para