എകെജി സെന്‍റര്‍ നടപടിക്ക് പിന്നില്‍ സിപിഎം അജണ്ട; ഭാരത് ജോഡോയില്‍ സിപിഎമ്മിന് അസ്വസ്ഥത: ഷാഫി പറമ്പില്‍ എംഎല്‍എ

Jaihind Webdesk
Thursday, September 22, 2022

എറണാകുളം: എകെജി സെന്‍റർ പടക്കമേറിലെ ഇപ്പോഴത്തെ നടപടിക്ക് പിന്നില്‍ കോണ്‍ഗ്രസുകാരനെ പ്രതിയാക്കണമെന്ന സിപിഎം അജണ്ടയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ. മുമ്പും യൂത്ത് കോൺഗ്രസിന്‍റെ പല നേതാക്കളെയും ഭാവനയിൽ പ്രതി ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. സംഭവവുമായി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർക്ക് ബന്ധമുണ്ടായിരുന്നെങ്കിൽ നടപടിക്കായി പോലീസ് ഇത്രയും നാൾ കാത്തുനിൽക്കുമായിരുന്നോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ഇപ്പോഴുള്ള പോലീസ് നടപടി രാഹുൽ ഗാന്ധിയുടെ യാത്രക്ക് കേരളം നൽകുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഷാഫി പറമ്പില്‍ പറഞ്ഞത്:

എകെജി സെന്‍ററിലേക്ക് പടക്കമെറിഞ്ഞ കേസിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളം നൽകുന്ന സ്വീകരണത്തിലുള്ള അസ്വസ്ഥതയാണ്. രാഹുൽ ഗാന്ധിയുടെ പദയാത്ര ആരംഭിച്ചത് മുതൽതന്നെ ബിജെപിക്കുള്ള അതേ അസ്വസ്ഥത സിപിഎമ്മിനുമുണ്ട്. ബിജെപിക്ക് അണിയുന്ന വസ്ത്രം ആയിരുന്നു പ്രശ്നമെങ്കിൽ സിപിഎമ്മിന് വിശ്രമിക്കുന്ന കണ്ടെയ്നറുകൾ ആയിരുന്നു പ്രശ്നം. പദയാത്രയുടെ ശോഭ കെടുത്തുവാൻ ഉള്ള പ്രവർത്തനങ്ങൾക്ക് സിപിഎം മുൻപന്തിയിൽ ഉണ്ട്. അന്വേഷണത്തിന്‍റെ പേരിൽ നിരവധി കോൺഗ്രസ്-യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പോലീസ് സമീപിച്ചിരുന്നു. മൂന്നോളം യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരെ പ്രതികളാണെന്ന തരത്തിൽ പോലീസ് പ്രചരിപ്പിച്ചിരുന്നു. പലരെയും കേസിൽ കുടുക്കുമെന്ന രീതിയിൽ പോലീസും സിപിഎം നേതാക്കളും വെല്ലുവിളി ഉയർത്തിയിരുന്നു. സർക്കാരിനൊപ്പം ചേർന്ന് പോലീസ് തിരക്കഥ മെനയുകയാണ്. കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ ഒക്കെയും സമയം പരിശോധിച്ചാൽ അത് മനസിലാകും. മുമ്പ് വയനാട്ടിലേക്ക് രാഹുൽ ഗാന്ധി വരുന്ന സാഹചര്യത്തിൽ ആയിരുന്നു സമാനമായ രീതിയിൽ വാർത്തകൾ പുറത്തുവന്നത്. അന്നും ഒരു പ്രവർത്തകൻ പിടിയിലായി, ഗൾഫിലേക്ക് കടന്നു തുടങ്ങിയ നിരീക്ഷണങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഇപ്പോൾ അതിൽ നിന്നെല്ലാം പെട്ടെന്ന് മലക്കം മറിഞ്ഞിരിക്കുകയാണ്. സിപിഎമ്മിന്‍റെ ഭാവനയ്ക്ക് അനുസരിച്ചാണ് പോലീസ് തീരുമാനമെടുക്കുന്നത്. കേസന്വേഷണം സിനിമയ്ക്ക് തിരക്കഥ എഴുതൽ അല്ലെന്ന് ഇനിയെങ്കിലും മനസിലാക്കണം. അന്വേഷണത്തിൽ തിണ്ണമിടുക്കും രാഷ്ട്രീയ ബുദ്ധിയുമല്ല കാണിക്കേണ്ടത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള ആയുധമായി ഏതെങ്കിലും യൂത്ത്കോൺഗ്രസ് പ്രവർത്തകനെ ബോധപൂർവം കേസിൽ ഉൾപ്പെടുത്തുവാൻ ശ്രമിച്ചാൽ അതിനെ നേരിടും. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി വരെ കെപിസിസി ആസ്ഥാനത്ത് ഉണ്ടായിരുന്നപ്പോൾ നടന്ന അക്രമത്തിൽ എന്ത് നടപടിയാണ് പോലീസ് എടുത്തത്? എങ്ങനെയെങ്കിലും ഏതെങ്കിലും ഒരു കോൺഗ്രസ് പ്രവർത്തകനെ പ്രതിയാക്കിയേ തീരൂവെന്ന സിപിഎം അജണ്ടയ്ക്കൊപ്പം പോലീസ് നിലകൊള്ളുകയാണ്.