വീടുകയറി ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി; ആത്മഹത്യയുടെ വക്കിലെന്ന് മർദ്ദനമേറ്റ മുജീബും കുടുംബവും

Jaihind News Bureau
Wednesday, September 9, 2020

പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പ്രകടനം നടത്തിയയാളെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട സിപിഎം  പ്രവര്‍ത്തകനെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച പ്രതികളെ, പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. സിപിഎം പ്രവർത്തകരായ പ്രതികളെ പി.വി അൻവർ എംഎൽഎ സംരക്ഷിക്കുന്നു എന്നും, താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മർദ്ദനമേറ്റ മുജീബും കുടുംബവും പറയുന്നു.

പി.വി അൻവർ എംഎൽഎയുടെ സഹായിയായ ബ്രാഞ്ച് സെക്രട്ടറിയും സംഘവും കഴിഞ്ഞ മാസം 16 നാണ് നിലമ്പൂർ, കോടാലിപോയിൽ കോളനിയിലെ പുതിയറ മുജീബിനെയും കുടുംബത്തിനെയും വീട്ടിൽ കയറി ആക്രമിച്ചത്. സംഭവത്തിൽ മുജീബിനും, ഭാര്യക്കും, 2 മക്കൾക്കും പരിക്കേറ്റിരുന്നു.  എന്നാൽ പ്രതികളെ പിവി അൻവർ എംഎൽഎ സംരക്ഷിക്കുകയാണെന്നും പൊത്തുകൽ പൊലീസ് നടപടി എടുക്കുന്നുമില്ലെന്നും കുടുംബം പറയുന്നു. മാത്രമല്ല പ്രതികൾ തനിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കുന്നതായും മുജീബ് പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറിനെ നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പ്രകടനം നടത്തിയ മൂന്നു പാര്‍ട്ടിപ്രവര്‍ത്തകരെ, പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇവരില്‍ രണ്ടു പേരെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഒരേ കുറ്റം ചെയ്തവരില്‍ ഒരാളെ മാത്രം പുറത്തുനിര്‍ത്തുന്നത് ശരിയല്ലെന്നു കാണിച്ച് മുജീബടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പോത്തുകല്‍ ലോക്കല്‍ കമ്മിറ്റിക്കും എടക്കര ഏരിയാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുജീബിനും കുടുംബത്തിനും നേരെ വീടുകയറി ആക്രമണമുണ്ടായത്.

പ്രതികൾക്കെതിരെ ഇനിയും നടപടി എടുത്തില്ലെങ്കിൽ വീട്ടിൽ പോലും സുരക്ഷിതമല്ലാത്ത താനും കുടുംബവും പൊലീസ് സ്റ്റേഷനുമുന്നിൽ ജീവനൊടുക്കുമെന്നും തങ്ങൾക്ക് വേറെ വഴി ഇല്ലെന്നും നിറ കണ്ണുകളോടെ മുജീബ് പറയുന്നു.

https://youtu.be/qkZyb1jfQOo