‘ആക്രമണം ആസൂത്രിതം; സ്വർണ്ണക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം’: എം.എം ഹസന്‍

Jaihind Webdesk
Saturday, June 25, 2022

 

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ എസ്എഫ്ഐ ആക്രമണം ആസൂത്രിതമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ആജ്ഞ എൽഡിഎഫ് കൺവീനർ നടപ്പിലാക്കുകയായിരുന്നുവെന്നും എം.എം ഹസൻ വ്യക്തമാക്കി.

ബിജെപിയെ തൃപ്തിപ്പെടുത്താൻ വേണ്ടി മുഖ്യമന്ത്രിയുടെ അറിവോടെയാണ് ആക്രമണം നടന്നത്. ആക്രമണം നടത്തുന്നതിന് ഒരാഴ്ച മുമ്പ് എൽഡിഎഫ് കൺവീനർ കൽപ്പറ്റയിൽ എത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ സ്വർണ്ണക്കടത്ത് കേസിലെ ഗുരുതര ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ആക്രമണം നടത്തിയതെന്നും എം.എം ഹസന്‍ പറഞ്ഞു.

ആക്രമണത്തെ അപലപിക്കുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും പ്രസ്താവനകൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ്.  ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ കെപിസിസി ഓഫീസിന് ഏർപ്പെടുത്തിയ പോലീസ് കാവലിന്‍റെ ആവശ്യമില്ല. ആക്രമണം നടക്കുമ്പോൾ പോലീസ് നോക്കിയിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പോലീസ് ഉണ്ടായിട്ടും കാര്യമില്ലെന്നും എം.എം ഹസന്‍ വിമർശിച്ചു.