ജനത്തെ ഭീഷണിപ്പെടുത്തി സിപിഎം എംഎല്‍എയും ഏരിയാ സെക്രട്ടറിയും; അസഭ്യവർഷം റോഡിലെ പൊടിശല്യത്തിനെതിരെ പ്രതിഷേധിച്ചതിന് | VIDEO

Jaihind Webdesk
Friday, November 18, 2022

 

കൊച്ചി: റോഡിലെ പൊടിശല്യത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ സിപിഎം (CPIM) നേതാക്കളുടെ ഭീഷണി. കൊച്ചി പനയപ്പള്ളിയിലാണ് എംഎൽഎ, കെ.ജെ മാക്സിയും (K.J. Maxi) സിപിഎം ഏരിയാ സെക്രട്ടറി കെ.എം റിയാദും പ്രതിഷേധിച്ച ജനങ്ങളെ ഭീഷണിപ്പെടുത്തിയത്. കൊച്ചി എംഎൽഎ ഭീഷണിപ്പെടുത്തിയതായും സിപിഎം ഏരിയാ സെക്രട്ടറി അസഭ്യവർഷം നടത്തിയതായുമാണ് പരാതി.

സ്പീക്കർ എ.എൻ ഷംസീർ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ മനുഷ്യച്ചങ്ങല തീർത്ത പ്രതിഷേധക്കാർക്കരികിലെത്തിയാണ് സിപിഎം നേതാക്കള്‍ ഭീഷണിയും അസഭ്യവർഷവും നടത്തിയതെന്ന് നാട്ടുകാർ
പറഞ്ഞു. പോലീസ് നോക്കി നിൽക്കേ നടന്ന സംഭവത്തിൽ സ്ത്രീകളടക്കമുള്ള ജനങ്ങൾ തിരിച്ച് പ്രതിഷേധിച്ചതോടെയാണ് പോലീസ് എംഎൽഎയെയും ഏരിയാ സെക്രട്ടറിയെയും പിന്തിരിപ്പിതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മുതൽ തോപ്പുംപടി വരെയുള്ള റോഡ് നന്നാക്കുന്നതിനിടയിൽ ഒരാഴ്ചയിലെറെയായി പൊടിശല്യം മൂലം വ്യാപാരികളും താമസക്കാരും വലയുകയാണ്. ബസ് ഗതാഗതമുള്ള റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടാകാത്തതിനാലാണ് നിയമസഭാ സ്പീക്കർ (speaker) പങ്കെടുത്ത വേദിക്ക് വിളിപ്പാടകലെ ജനകീയ പ്രതിഷേധം നടന്നത്.