വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ള കസ്റ്റഡിയില്‍

Jaihind Webdesk
Thursday, March 7, 2019

കൊല്ലം ജില്ലയില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ സി.പി.എം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിന് സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ വാര്‍ഡന്‍ വിനീതിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം പതിനാലിനായിരുന്നു സംഭവം. ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ആദ്യം കൊല്ലം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണാ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആളുമാറിയാണ് വിനീത് രഞ്ജിത്തിനെ മര്‍ദ്ദിച്ചതെന്ന് പിന്നീട് വ്യക്തമായിരുന്നു. കേസില്‍ ജയില്‍ വാര്‍ഡന്‍ വിനീതിനെതിരെ അന്ന് തന്നെ രഞ്ജിത്തിന്റെ കുടുംബം ചവറ തെക്കും ഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.