സി.പി.എമ്മിന്റെ അക്രമത്തെ ഭയന്ന് ആറ് കുടുംബങ്ങള്‍ പള്ളിക്കുള്ളില്‍ അഭയം തേടിയിട്ട് ഒരാഴ്ച്ച; അക്രമികളെ രക്ഷിക്കാന്‍ പോലീസിന്റെ ശ്രമം

Jaihind Webdesk
Sunday, December 30, 2018

കോട്ടയം: സ്ത്രീകള്‍ക്കും കൈക്കുഞ്ഞുങ്ങള്‍ക്കും നേരെ അക്രമവും കൊലവിളിയും നടത്തി കോട്ടയത്ത് സി.പി.എം പ്രവര്‍ത്തകരുടെ നവീന നവോത്ഥാന പദ്ധതി. സ്ത്രീകളുടെ സമത്വത്തിനായി വനിതാ മതില്‍ ഒരുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സി.പി.എം പ്രവര്‍ത്തകരില്‍ നിന്നുള്ള അക്രമത്തില്‍ നിന്ന് രക്ഷ തേടി ആറ് കുടുംബങ്ങളാണ് ഒരാഴ്ചയായി പള്ളിക്കുള്ളില്‍ അഭയം തേടിയിരിക്കുന്നത്. സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതിനെ തുടര്‍ന്നാണ് പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ ഇവര്‍ അഭയം തേടിയത്. കൊലവിളിയും ഭീഷണിയുമായി പ്രദേശത്ത് സി.പി.എം പ്രവര്‍ത്തകര്‍ ഇപ്പോഴും വിലസുന്നതിനാല്‍ വീടുകളിലേക്ക് പോകാന്‍ ഭയന്നാണ് സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം ആറ് കുടുംബങ്ങള്‍ പള്ളിക്കുള്ളില്‍ കഴിയുന്നത്. സ്ത്രീസുരക്ഷയുടെയും സ്ത്രീസമത്വത്തിന്റെയും പേര് പറഞ്ഞ് വനിതാ മതില്‍ ഒരുക്കി നവോത്ഥാന നായകനാകാന്‍ കോപ്പുകൂട്ടുന്ന പിണറായി വിജയന്റെ പോലീസാകട്ടെ അക്രമികള്‍ക്കെതിരെ നിസാരകുറ്റം ചുമത്തി രക്ഷിക്കാനാണ് ശ്രമം.

സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങാന്‍ ഭയന്ന് കോട്ടയത്ത് പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ കൈക്കുഞ്ഞുങ്ങളുമായി കഴിയുന്ന സ്ത്രീകള്‍

കഴിഞ്ഞ 23 നാണ് പള്ളിക്ക് നേരെയടക്കം ഈ പ്രദേശത്ത് അക്രമങ്ങള്‍ ഉണ്ടായത്. കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയിലെ യുവജന സംഘം, സ്ത്രീജനസഖ്യം എന്നിവയുടെ നേതൃത്വത്തില്‍ ഇറങ്ങിയ കരോള്‍ സംഘത്തിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇരുപതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘത്തില്‍ കടന്ന് പാട്ടുപാടുകയും പെണ്‍കുട്ടികളോട് അസഭ്യം പറയുകയും ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടികളെ അപമാനിച്ച സംഘം കൊച്ചുകുട്ടികളെ ഉള്‍പ്പെടെ ഉപദ്രവിക്കുകയും ചെയ്തു. ഏതാനും പെണ്‍കുട്ടികള്‍ക്ക് അക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയായിരുന്നു അക്രമങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് അക്രമികള്‍ക്ക് രക്ഷപെടാന്‍ പഴുതൊരുക്കിയ നടപടി. ആദ്യ ആക്രമണത്തിന് ശേഷം യാതൊരു പരിക്കുമില്ലാതിരുന്നിട്ടും പ്രതികള്‍ ജില്ലാ ആശുപത്രിയില്‍ എത്തി ഒ.പി ടിക്കറ്റ് എടുത്ത ശേഷമാണ് രാത്രി പള്ളിയിലുണ്ടായിരുന്നവരെ വീണ്ടും അക്രമിച്ചത്. \

പൊലീസ് നിര്‍ദേശപ്രകാരം പള്ളിയിലേക്ക് തിരികെ പോയ കരോള്‍ സംഘത്തെ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയാണ് നാല്‍പ്പതിലേറെ വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇവര്‍ക്കായി പള്ളിയില്‍ തയ്യാറാക്കി വച്ചിരുന്ന ഭക്ഷണവും അക്രമികള്‍ നശിപ്പിച്ചു. അക്രമം ഭയന്ന് കരോള്‍ സംഘം പള്ളിക്കുള്ളില്‍ അഭയം തേടിയെത്തിയപ്പോഴാണ് അക്രമികള്‍ പള്ളിക്ക് നേരെയും അക്രമം അഴിച്ച് വിട്ടത്. പള്ളിക്കുള്ളിലെ കസേരകളും മറ്റ് പുസ്തകങ്ങളും അടക്കം അക്രമികള്‍ നശിപ്പിച്ചു. അക്രമിസംഘത്തിന്റെ ഭീഷണി ഭയന്നാണ് കരോള്‍ സംഘത്തിലുണ്ടായിരുന്ന 35 ഓളം പേര്‍ ഇപ്പോഴും പള്ളിയില്‍ കഴിയുന്നത്. നവമാധ്യമങ്ങളിലൂടെയടക്കം ഇവര്‍ക്കെതിരെ ഭീഷണിയും കൊലവിളിയും ദിവസങ്ങളായി തുടരുകയാണ്.

രാത്രി 11 മണിയോടെയാണ് നാല്‍പ്പതിലേറെ വരുന്ന അക്രമിസംഘം പള്ളിക്ക് നേരെ അക്രമം അഴിച്ചുവിട്ട് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അടുത്ത പ്രദേശത്തെ കാര്‍ഷികവിളകളും അക്രമികള്‍ നശിപ്പിച്ചു. സഭാ സെക്രട്ടറി പി.സി ജോണ്‍സണ്‍ന്റെ വീടിന് നേരെയടക്കം ഏതാനും വീടുകളും ആക്രമിക്കപ്പെട്ടു. വീടിന്റെ വാതില്‍ ചവിട്ടി തുറന്ന അക്രമികള്‍ വീട്ടിലുണ്ടായിരുന്ന ഭാര്യ ലിന്‍സിയുടെ തലക്ക് പിന്നില്‍ വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ലിന്‍സിയുടെ കൈയ്യിലുണ്ടായിരുന്ന കൈക്കുഞ്ഞിനെപ്പോലും അക്രമികള്‍ വെറുതെ വിട്ടില്ല. വീട്ടുപകരണങ്ങളും അക്രമികള്‍ തല്ലി തകര്‍ത്തു.
ഭര്‍ത്താവിനെ വിളിക്കെടിയെന്ന് ആവശ്യപ്പെട്ട് സംഘം ലിന്‍സിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. പള്ളിക്ക് നേരെ നടത്തിയ കല്ലേറില്‍ യമിയ സി.തങ്കച്ചന്‍ എന്ന പെണ്‍കുട്ടിയുടെ മുഖത്ത് മാരകമായി പരിക്കേറ്റു. വടിവാളും കമ്പിവടികളുമായെത്തിയ അക്രമി സംഘം ഏതാനും വാഹനങ്ങളും തല്ലി തകര്‍ത്തു. പള്ളിക്കുന്നേല്‍ ചാക്കോയുടെ കൃഷിയാണ് വെട്ടിനശിപ്പിച്ചത്. അക്രമത്തിനിടെ കൂട്ട മണിയടിച്ചതിനെ തുടര്‍ന്നാണ് സംഘം പിരിഞ്ഞ് പോയതെന്ന് സഭാ സെക്രട്ടറി പി.സി ജോണ്‍സണ്‍ പറഞ്ഞു. പിന്നീട് പോലീസ് എത്തിയ ശേഷം പോലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോലീസ് നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. അക്രമികള്‍ അപമാനിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിനായി മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കാന്‍ അവസരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. \

സംഭവത്തില്‍ ആറ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. ആശുപത്രിയില്‍ നിന്നും സംഘടിപ്പിച്ച ഓ.പി.ടിക്കറ്റ് ഹാജരാക്കിയാണ് പ്രതികള്‍ ജാമ്യം നേടിയത്.