സി.പി.ഐ നേതാവ് ഈശ്വരി രേശൻ കോൺഗ്രസിൽ ചേർന്നു

Jaihind News Bureau
Monday, September 7, 2020

 

പാലക്കാട്: സി.പി.ഐ നേതാവ് ഈശ്വരി രേശൻ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാലക്കാട് ഡി.സി.സി ഓഫീസിൽ  ഡി.സി.സി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠൻ എം.പി കോൺഗ്രസ് മെമ്പർഷിപ്പ് ഈശ്വരി രേശന് കൈമാറി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം ഉൾപ്പെടെ  രാജിവെച്ചു. സി.പി.ഐയിലെ വിഭഗീയതയാണ് ഈശ്വരിയുടെ രാജിയിലേക്ക് നയിച്ചത്. കോൺഗ്രസിൽ അംഗത്വം ഏറ്റെടുത്ത ശേഷം എൽഡിഎഫിനെതിരെ രൂക്ഷവിമർശനമാണ് ഈശ്വരി രേശൻ  ഉന്നയിച്ചത്.

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, അഖിലേന്ത്യ ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത് മെമ്പർ, ഭരണ പരിഷ്കാര കമ്മീഷൻ മെമ്പർ തുടങ്ങി പാർട്ടിയിലും ഭരണ തലത്തിലും നിരവധി സ്ഥാനങ്ങളാണ് ഈശ്വരി രേശൻ വഹിച്ചിരുന്നത്. സി.പി എമ്മിന്‍റെ സമ്മർദ്ദവും പാർട്ടിയിലെ വിഭാഗീയതയും മൂലം നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും രാജിവച്ചിരുന്നു. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും, തന്‍റെ വാർഡിലെ കാര്യങ്ങൾ നോക്കാൻ മറ്റൊരു മെമ്പറെ ചുമതലപ്പെടുത്തുകയും ചെയ്തതിനാലാണ് രാജിവെക്കുന്നതെന്ന് ഈശ്വരി രേശൻ പറഞ്ഞു.

കേരളത്തിലെ ആദ്യ വനിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ ഈശ്വരി രേശൻ പാർട്ടിയിലേക്ക് വന്നത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പ് സി.പി.ഐയിലെ ഇരുന്നൂറോളം പേർ കോൺഗ്രസിൽ എത്തുമെന്നും ഈശ്വരി രേശൻ പറഞ്ഞു.