മുട്ടിൽ വനംകൊള്ള : മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു ; ശശീന്ദ്രന്‍റെ പരാമർശങ്ങളിൽ സി പി ഐയ്‌ക്ക് അമർഷം

Jaihind Webdesk
Saturday, June 12, 2021

വയനാട്: മുട്ടിൽ മരംമുറിയില്‍ സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ വ്യാപക മരംമുറി നടക്കുമെന്ന് വയനാട് കളക്‌ടര്‍ നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ അവ​ഗണിച്ചെന്ന് റിപ്പോർട്ട്. മരംമുറി സംബന്ധിച്ച കത്ത് ഡിസംമ്പറില്‍ കളക്ടർ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക്  കൈമാറിയിരുന്നു.

2020ലെ വിവാദ ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പും റവന്യു വകുപ്പിന്‍റെ ഒത്താശയോടെ വന ഭൂമിയിലെ മരങ്ങൾ വ്യാപകമായി മുറിച്ച് മാറ്റിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. പത്തനംതിട്ട ജില്ലയിലെ ചേത്തക്കലിൽ ആരബിൾ ഭൂമിയിലെ മരങ്ങൾ മുറിച്ച് മാറ്റി പാറ ഖനനം ചെയ്യാനാണ് 2019ൽ റവന്യു വകുപ്പ് അനുമതി നൽകിയത്. അന്നത്തെ റാന്നി ഡി എഫ് ഒയും പാറഖനനത്തിന് അനുകൂലമായി റിപ്പോർട്ട് നൽകി.

മരംമുറിയില്‍ മുന്‍ റവന്യൂ, വനം മന്ത്രിമാര്‍ക്ക് വീഴ്‌ച പറ്റിയില്ലെന്ന നിലപാടിലാണ് സി പി ഐ. ഇ ചന്ദ്രശേഖരനും, കെ രാജുവിനും തെറ്റ് പറ്റിയിട്ടില്ലെന്ന് സി പി എമ്മിനെ സി പി ഐ അറിയിച്ചിട്ടുണ്ട്. റവന്യുവകുപ്പ് ഉത്തരവ് ഇറക്കിയത് പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്‌ത ശേഷമാണ്. പോരായ്‌മ കണ്ടപ്പോള്‍ പിന്‍വലിച്ചെന്നും ഉദ്യോഗസ്ഥ വീഴ്‌ച അന്വേഷിക്കുമെന്നും സി പി ഐ വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ പരാമര്‍ശങ്ങളില്‍ സി പി ഐയ്ക്ക് കടുത്ത അമർഷമുണ്ട്. സി പി ഐയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് മന്ത്രിയുടെ പരാമർശമെന്നാണ് ആരോപണം.