കൊവിഡ്‌ പ്രതിരോധം സി.പി.എം രാഷ്‌ട്രീയവല്‍ക്കരിക്കുന്നുവെന്ന് തിരുവനന്തപുരം ഡി.സി.സി; കളക്‌ടര്‍ക്ക്‌ പരാതി നല്‍കി

Jaihind News Bureau
Sunday, March 29, 2020

തിരുവനന്തപുരം: ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്ന കോവിഡ്‌-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ സി.പി.എം രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരെ ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ ജില്ലാ കളക്‌ടര്‍ക്ക്‌ പരാതി നല്‍കി. സന്നദ്ധം വോളണ്ടിയറന്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ഡി.വൈ.എഫ്‌.ഐക്കാരെ കുത്തിനിറച്ച്‌ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും മറ്റാര്‍ക്കും രജിസ്‌ട്രേഷന്‍ നടത്താനാവാതെ ഓണ്‍ലൈന്‍ ബ്ലോക്കുചെയ്യുകയും ചെയ്‌തു.

ഇപ്രകാരം നിയമിക്കപ്പെട്ട പാര്‍ട്ടിക്കാര്‍ക്കുമാത്രമാണ്‌ പാസ്‌ നല്‍കിയിട്ടുളളത്‌. ഇവര്‍വഴിയാണ്‌ സഹായവിതരണം ചെയ്യുന്നത്‌. ദുരിതര്‍ക്ക്‌ സഹായം നല്‍കാന്‍ തയ്യാറായി വരുന്ന സന്നദ്ധ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാസ്‌ ഇല്ലാത്തതുമൂലം അതിനു കഴിയാത്ത സാഹചര്യമാണ്‌. സൗജന്യറേഷനും പലവ്യഞ്‌ജനങ്ങളും പച്ചക്കറികളും വിതരണം ചെയ്യാനുളള അവകാശം സി.പി.എമ്മിനു മാത്രമായി സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയിരിക്കുകയാണ്‌.

കോവിഡ്‌ ദുരന്തത്തെ നേരിടാന്‍ എല്ലാവരും മുന്നിട്ടിറങ്ങിയപ്പോള്‍ സി.പി.എമ്മിന്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താന്‍ സര്‍ക്കാര്‍ അനുമമതി നല്‍കിയതിനു ന്യായീകരണമില്ല.
ആസന്നമായ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാനുളള ഉപാധിയായി കോവിഡ്‌ എന്ന മഹാവ്യാധിയെ ഉപയോഗിക്കാന്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയെ അനുവദിക്കരുതെന്നും സേവനസന്നദ്ധരായ എല്ലാവര്‍ക്കും പാസ്‌ നലകി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കണമെന്നും നെയ്യാറ്റിന്‍കര സനല്‍ ജില്ലാ കളക്‌ടറോട്‌ ആവശ്യപ്പെട്ടു.