അബുദാബിയില്‍ പ്രവേശിക്കാന്‍ ഇനി കൊവിഡ് പരിശോധനാ ഫലം ആവശ്യമില്ല : ക്വാറന്റൈന് ഇലക്ട്രോണിക് വാച്ചും ഒഴിവാക്കി ; സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ പുതിയ നിയമം

Elvis Chummar
Saturday, September 18, 2021

അബുദാബി : എമിറേറ്റില്‍ പ്രവേശിക്കാന്‍ ഇനി കൊവിഡ് പരിശോധന ആവശ്യമില്ലെന്ന നിയമം പ്രഖ്യാപിച്ചു. ഇതോടെ, കൊവിഡ് പി സി ആര്‍ പരിശോധന ഇല്ലാതെയും യുഎഇയ്്ക്ക് അകത്തുള്ളവര്‍ക്ക് തലസ്ഥാനമായ അബുദാബിയില്‍ പ്രവേശിക്കാം. അബുദാബിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണിത്.

സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ ഈ പുതിയ നിയമം അബുദാബിയില്‍ പ്രാവര്‍ത്തികമാകും. സന്ദര്‍ശകര്‍ക്ക് കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് ഫലം ഇല്ലാതെയും യാത്രാ അനുമതി നല്‍കാനാണ് തീരുമാനം. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഈ തീരുമാനം. കൊവിഡ് -19 പ്രത്യാഘാതങ്ങള്‍ മൂലം രാജ്യ തലസ്ഥാമായ അബുദാബിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഒരു വര്‍ഷത്തിലധികമായി നടന്ന് വരുന്നത്.

ഇതോടൊപ്പം വിദേശ യാത്രകാര്‍ക്ക് ക്വാറന്റൈന്‍ സമയത്ത് നല്‍കിയിരുന്ന ഇലക്ട്രോണിക് വാച്ച് എന്ന സംവിധാനവും അബുദാബി വേണ്ടെന്ന് വെച്ചു. ഇതോടെ, ഹോം ക്വാറന്റൈന് കഴിയുന്നവര്‍ക്ക് വാച്ച് കൈയ്യില്‍ കെട്ടണമെന്ന നിയമവും ഇല്ലാതായി. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ചലനങ്ങള്‍ പരിശോധിക്കാനാണ് ഈ സംവിധാനം നടപ്പാക്കിയിരുന്നത്. അതേസമയം, നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് , ഇനി യാത്രകള്‍ കൂടുതല്‍ സുഗമമാകുന്നതോടെ, അബുദാബി വിപണികള്‍ കൂടുതല്‍ സജീവമാകുമെന്നും വ്യാപാര-വാണിജ്യ ലോകം പ്രതീക്ഷിക്കുന്നു.