കൊവിഡ്: സ്വകാര്യ മേഖലയിലെ തൊഴിലാളികളെ പിരിച്ചുവിടരുത് , ശമ്പളം തടയരുത് : സൗദി അറേബ്യ ; ഇതിനായി 900 കോടി നീക്കിവെച്ചു : മലയാളികള്‍ക്കും ആശ്വാസകരം

B.S. Shiju
Friday, April 3, 2020

ദുബായ് : സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവക്കാരെ, കോവിഡിന്റെ പേരില്‍ പിരിച്ചുവിടുകയോ, ശമ്പളം തടയുകയോ ചെയ്യരുതെന്ന് സൗദി ഗവര്‍മെന്റ് നിര്‍ദേശം നല്‍കി. തൊഴിലുടമയും, തൊഴിലാളിയും പരസ്പര ധാരണയില്ലാതെ ഏകപക്ഷീയമായി തൊഴിലാളിയെ പിരിച്ചുവിടാനും പാടില്ലെന്ന് സൗദി മാനവശേഷി, സാമൂഹിക മന്ത്രാലയം നിലപാട് വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക്,  ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാന്‍ അധികാരമില്ലെന്നും സൗദി വ്യക്തമാക്കി. കോവിഡ് മൂലം ആശങ്കയിലായ ലക്ഷകണക്കിന് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഏറെ ആശ്വാസരമായ പ്രഖ്യാപനമാണിത്.

ഇതോടൊപ്പം, സൗദിയിലെ സ്വദേശികളായ ജീവനക്കാരെയും പിരിച്ചുവിടരുത്. പകരം സര്‍ക്കാര്‍ സഹായ നിധിയായ ഗോസിയില്‍ നിന്ന് ഇവരുടെ ശമ്പളത്തിന്റെ 60 ശതമാനമോ, പരമാവധി 9000 റിയാലോ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കാം. മൂന്നു മാസം വരെ ഇങ്ങനെ നഷ്ടപരിഹാരം ലഭിക്കും. ഇതിനായി 900 കോടി റിയാലാണ് സൗദി നീക്കിവച്ചിരിക്കുന്നത്. സ്ഥാപനത്തില്‍ അഞ്ചോ അതില്‍ കുറവോ സൗദികളുണ്ടെങ്കില്‍ 100 ശതമാനം പേര്‍ക്കും, 5ല്‍ കൂടുതലാണെങ്കില്‍ 70 ശതമാനം പേര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇതുസംബന്ധിച്ച പരാതികള്‍ കമ്പനികള്‍ പാലിച്ചില്ലെങ്കില്‍ 19911 നമ്പറിലോ, മഅന്‍ ലിറസ്ദ് പോര്‍ട്ടല്‍ വഴിയോ പരാതിപ്പെടാമെന്നും സൗദി മന്ത്രാലയം അറിയിച്ചു.

അതേസമയം, കൊവിഡ് കാരണം സാമ്പത്തിക നഷ്ടം സംഭവിക്കാന്‍ സാധ്യതകളുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ സൗദി രാജാവ് പ്രഖ്യാപിച്ച 60 ശതമാനം ഗോസി ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് ഗോസി വക്താവ് അബ്ദുല്ല അല്‍അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു. സ്വകാര്യ മേഖലയിലെ ഭൂരിഭാഗം കമ്പനികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകുമെങ്കിലും ചില മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ ഇതില്‍ നിന്ന് ഒഴിവാക്കി. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബഖാലകള്‍, സാമയുടെ ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഇന്‍ഷുറന്‍സ് ഏജന്‍സി, കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ലൈസന്‍സുള്ള കമ്പനികള്‍, ടെലികോം കമ്പനികള്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇവരെ കൊവിഡ് വ്യാപന നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്നതാണ് കാരണം.