കൊവിഡ്: ജിദ്ദയില്‍ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും വിലക്ക് ; നിയന്ത്രണം ഇന്ന് മുതല്‍

Jaihind News Bureau
Sunday, March 29, 2020

റിയാദ് : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജിദ്ദ നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതനുസരിച്ച് ( മാര്‍ച്ച് 29 ) ഞായറാഴ്ച മുതല്‍ നഗരത്തിലെ കര്‍ഫ്യു സമയം വൈകുന്നേരം മൂന്നു മുതല്‍ രാവിലെ ആറ് വരെ ( 15 മണിക്കൂര്‍ ) സമയം ആയിരിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച്, ജിദ്ദ മേഖലയിലേക്ക് പ്രവേശിക്കുന്നതും പുറത്തേയ്ക്ക് പോകുന്നതും വിലക്ക് ഏര്‍പ്പെടുത്തി.

സൗദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന എന്നിവടങ്ങളില്‍, കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ച നടപടി ജിദ്ദ ഗവര്‍ണറേറ്റിനും ബാധകമാക്കുകയായിരുന്നു. നിലവില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറു മണി വരെയുള്ള കര്‍ഫ്യൂ ആണ് , ജിദ്ദയിലേക്കും നീട്ടിയത്. ഇതോടെ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാനും പാടില്ല. നേരത്തെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവ് പഴയതു പോലെ തുടരും. ഭക്ഷണം, മെഡിക്കല്‍ തുടങ്ങിയ അടിയന്തിര സര്‍വീസുകളെ കര്‍ഫ്യുവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.