കൊവിഡ് പ്രതിരോധം: മാതൃകയായി തലസ്ഥാനത്തെ റസിഡന്‍സ് അസോസിയേഷനുകള്‍

Jaihind News Bureau
Monday, July 27, 2020

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മാതൃകയാകുകയാണ് നഗരത്തിലെ റസിഡന്‍സ് അസോസിയേഷനുകള്‍. തിരുവനന്തപുരം ഉള്ളൂർ ചേന്തി റസിഡൻസ് അസോസിയേഷന്‍, തങ്ങളുടെ അസോസിയേഷന്‍ പരിധിക്കകത്തേക്ക് പ്രവേശിക്കുന്നവർക്ക് തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധന നടത്തിയും പൊതുസ്ഥലങ്ങളിലും  വീടുകളിലും അണുനശീകരണം നടത്തിയും ബ്രേക്ക് ദ ചെയിൻ പ്രോത്സാഹിപ്പിച്ചുമാണ്  മാതൃക തീർക്കുന്നത്.

സമാന പ്രവർത്തനങ്ങള്‍ നടത്തുകയാണ് പട്ടം കോസ്മോ പൊളിറ്റൻ റസിഡൻസ് അസോസിയേഷനും റസിഡൻസ് പരിധിയിലെ മുഴുവൻ വീടുകളും അസോസിയേഷന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്ന് തെളിയിക്കുകയാണ്  റസിഡൻസ് അസോസിയേഷനുകൾ.

നഗരത്തിലെ രാജാജി നഗർ കോളനിയും കൊവിഡ് പ്രതിരോധത്തില്‍ മാതൃക തീർത്തിരുന്നു. പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം വിലക്കിയും ബ്രേക്ക് ദ ചെയിൻ പോയിന്‍റുകള്‍ സ്ഥാപിച്ചും കൃത്യമായ ബോധവൽക്കരണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുമാണ് രാജാജി നഗർ മാതൃകയായത്.