മകൻ ഹോം ക്വാറന്‍റീൻ ലംഘിച്ചു, അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് ശകാരം; സി.പി.എം നേതാവും മുൻ മേയറുമായ എ.കെ.പ്രേമജത്തിനെതിരെ കേസ്

Jaihind News Bureau
Tuesday, March 24, 2020

കോഴിക്കോട്: ഹോം ക്വാറന്‍റീന്‍ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ശകാരിച്ച സി.പി.എം നേതാവും മുൻ മേയറുമായ എ.കെ.പ്രേമജത്തിനെതിരെ കേസ്. പ്രേമജത്തിന്‍റെ  മകനും കുടുംബവും ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായിരുന്നു നിർദ്ദേശം.

എന്നാൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു ശകാരം. ഇതേതുടര്‍ന്ന് മലാപ്പറമ്പ് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. ബീന ജോയിന്‍റ് ഹെൽത്ത് ഇൻസ്പെക്ടർ ഷനോജ് എന്നിവരാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്.  സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതിനിടെ കോഴിക്കോട് രണ്ട് പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച രണ്ട് പേരും 17നും 21നും ദുബായിയിൽ നിന്നും എത്തിയവരായിരുന്നു.