അബുദാബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും രാത്രി 12 വരെ തുറക്കാം ; ലേബര്‍ക്യാംപ്- വ്യവസായ മേഖലകളിലെ അണുനശീകരണം വൈകിട്ട് 6 മുതല്‍

Jaihind News Bureau
Tuesday, April 7, 2020

അബുദാബി : അബുദാബിയിലെ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളും , ഫാര്‍മസികളും രാത്രി 12 വരെ തുറക്കാമെന്ന് നിയമം. കോവിഡ് മൂലം ഏര്‍പ്പെടുത്തിയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള നിയമത്തിലാണ് ഈ ഇളവ്. ഇതനുസരിച്ച്  ഗ്രോസറികള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ എന്നിവയ്ക്ക് അബുദാബി മേഖലയില്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാം. അബുദാബി ഗവര്‍മെന്റ് ആണ് ഈ ഇളവ് നല്‍കിയത്. അതേസമയം, ഇത്തരം സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും, തിരക്ക് ,മുപ്പത് ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്നും, നിയമത്തില്‍ കര്‍ശനമായി പറയുന്നു.

എന്നാല്‍, റീട്ടെയില്‍  വ്യാപാര സ്ഥാപനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നത് തുടരണമെന്നും, സ്റ്റോറുകളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ തിരക്ക് ഉണ്ടാകാന്‍, പാടില്ലെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, അണുനശീകരണ പരിപാടി, രാത്രി 8 മുതല്‍ രാവിലെ 6 വരെ തുടരും.  എന്നാല്‍, വ്യവസായിക മേഖലകളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും അണുനശീകരണ സമയം, വൈകിട്ട് ആറ് മുതല്‍ രാവിലെ ആറു വരെ ആയിരിക്കും. അതിനാല്‍ എല്ലാവരും താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും നിയമത്തില്‍ വ്യക്തമാക്കി.