കൊവിഡ് പ്രതിരോധം പാളി ; സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വർധന ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം

Jaihind News Bureau
Thursday, January 28, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പാളി. രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് സർക്കാർ തീരുമാനം. ടെസ്റ്റ് വര്‍ധിപ്പിക്കാനുള്ള നടപടികളും തുടങ്ങി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി സർക്കാർ തന്നെ സമ്മതിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കൊവിഡ് വ്യാപനത്തിന് കാരണമായെന്നാണ് സർക്കാർ വിലയിരുത്തൽ.

സാമൂഹിക അകലവും മാസ്‌ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാർക്കൊപ്പം പൊലീസുകാർക്കും ചുമതല നൽകും.
കണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കർശനമാക്കും.  വിവാഹ ചടങ്ങുകളിൽ നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല.

കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്നും നിര്‍ദേശം ഉണ്ട്. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും ടെസ്റ്റ് ചെയ്യണമെന്നാണ് നിർദ്ദേശം. 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണെന്നാണ് സർകാർ കണ്ടെത്തൽ.

20 ശതമാനം പേര്‍ക്ക് രോഗം പകരുന്നത് മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗസ്ഥലങ്ങളില്‍ നിന്നുമാണ്. തൊഴിലിടങ്ങളില്‍ നിന്ന് രോഗം പടരുന്നത് 20 ശതമാനത്തോളം പേര്‍ക്കാണ്. രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്‌ക്ക് ധരിക്കാത്തവരാണെന്നും സർക്കാർ വിശദീകരിക്കുന്നു. രോഗലക്ഷണമൊന്നുമില്ലാത്തവരില്‍ നിന്ന് 30 ശതമാനത്തോളം പേര്‍ക്ക് രോഗം പകരുന്നുണ്ട്. കുട്ടികളില്‍ 5 ശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നു. എന്നാല്‍ 47 ശതമാനം കുട്ടികള്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നു തന്നെയാണെന്നാണ് സർക്കാർ വിലയിരുത്തല്‍.