അലനെയും താഹയെയും 3 ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു

Jaihind News Bureau
Friday, November 15, 2019

പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത 2 പ്രതികളേയും 3 ദിവസത്തേക്ക് കൂടി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തങ്ങൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതായി പ്രതികൾ കോടതിക്ക് പുറത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ,  അലൻ, താഹ എന്നിവർക്കെതിരെ പാർട്ടി നടപടിയെടുത്തതിനെ ചൊല്ലി സി പി എം കോഴിക്കോട് ജില്ലാ – ഏരിയാ കമ്മറ്റിയംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷം.

പ്രതികളായ അലൻ, താഹ എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇരുവരേയും പോലീസ് രാവിലെ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി. ഇരുവരുടേയും പോലീസ് കസ്റ്റഡി 3 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു. എന്നാൽ വീണ്ടും പോലീസ്കസ്റ്റഡിയിൽ വിടുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികൾ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു. 2 പ്രതികളുടെയും റിമാന്റ് കാലാവധി ഇന്നവസാനിച്ചെങ്കിലും തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ട സാഹചര്യത്തിൽ അന്ന് റിമാന്റ് നീട്ടുന്ന കാര്യം കോടതി പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷയും തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കുന്നുണ്ട്. അതിനിടെ അന്വേഷണ വിധേയമായി തങ്ങളെ സിപിഎമ്മില്‍ നിന്നും സസ്പെൻഡ് ചെയ്തെന്ന് പാർട്ടി അറിയിച്ചതായി താഹ പറഞ്ഞു. ഇപ്പോൾ എടുത്ത നടപടി സ്വാഭാവികമെന്നും കോടതി പരിസരത്തുവച്ച് താഹ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, വിദ്യാത്ഥികളും, പാർട്ടി അംഗങ്ങളുമായ അലനും താഹക്കുമെതിരെയുള്ള പാർട്ടി അച്ചടക്ക നടപടിക്കെതിരെ ജില്ലാ – ഏരിയാ കമ്മിറ്റി അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത . സി പി എമ്മിലെ തീവ്ര ഇടതുപക്ഷക്കാരാണ് മാവോ ബന്ധത്തിന്റെ പേരിലുള്ള നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നതെെന്നണ് പാർട്ടി വിലയിരുത്തൽ. പാർട്ടിയിൽ പുതിയ രൂപത്തിലുള്ള വിഭാഗീയത ഉടലെടുത്തിരിക്കുന്നു എന്നും ജില്ലാ നേതൃത്വം വിലയിരുത്തുന്നു.