സി.ഒ.ടി നസീര്‍ വധശ്രമം: കണ്ണൂര്‍ സി.പി.എമ്മില്‍ ചേരിപ്പോര് രൂക്ഷമാകുന്നു; ജയരാജനെ ഒതുക്കാന്‍ ഷംസീറിന്റെ നീക്കമാണ് വധശ്രമമെന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂരിലെ സി.പി.എം ഇപ്പോള്‍ ചേരിപ്പോരിന്റെ മൂര്‍ധന്യാവസ്ഥയിലാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പി. ജയരാജനെ മാറ്റി വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങിയ ജയരാജന്‍ ഇപ്പോഴും കണ്ണൂരിലെ പാര്‍ട്ടിയില്‍ ശക്തന്‍ തന്നെയാണ്. അതേസമയം പിണറായി, കൊടിയേരി പക്ഷം ആസൂത്രണം ചെയ്ത് ജയരാജനെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് മാറ്റുന്നുവെന്നായിരുന്നു വടകര സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പാര്‍ട്ടി അണികള്‍ക്ക് വിശദീകരണം. ഇതോടൊപ്പം സി.ഒ.ടി വധശ്രമവും പാര്‍ട്ടിയെ ഇപ്പോള്‍ തിരിഞ്ഞ് കുത്തുകയാണ്. ജയരാജന്‍ ആയിരിക്കും ഇതിന് സൂത്രധാരന്‍ എന്ന രൂപത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും വധശ്രമവവുമായി ജയരാജന് ഒരു ബന്ധവുമില്ലെന്ന് സി.ഒ.ടി. നസീര്‍ തന്നെ പറയുകയും ചെയ്തിരുന്നു.

ജയരാജന്‍ നസീറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ തനിക്കെതിരെയുള്ള വധശ്രമത്തിന്റെ പിന്നില്‍ തലശ്ശേരി എം.എല്‍.എയും കോടിയേരി ബാലകൃഷ്ണന്റെ അടുപ്പക്കാരനുമായ എ.എന്‍. ഷംസീര്‍ എം.എല്‍.എയാണെന്ന് സൂചനവെച്ച് നസീര്‍ തന്നെ സംസാരിക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍. ആരോപണങ്ങള്‍ പുറത്തായതോടെ പാര്‍ട്ടി ഒരു സമിതിയെ വെച്ച് അന്വേഷിക്കാനും തീരുമാനിച്ചിരുന്നു. അ്‌ന്വേഷണം നടക്കുന്നുണ്ടെങ്കിലും പി. ജയരാജന് ഈ സംഭവത്തില്‍ പങ്കില്ലെന്നതാണ് വ്യക്തമാകുന്ന സൂചനകള്‍. പിന്നെ ആര് ഇത് ആസൂത്രണം ചെയ്തുവെന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യുന്നത്.
നേരത്തെ തന്നെ നസീറുമായി പലകാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതും സഖാക്കള്‍ ഇതോടൊപ്പം കൂട്ടിവായിക്കുന്നുമുണ്ട്.

ഷുക്കൂര്‍, ഷുെഹെബ്, കതിരൂര്‍ മനോജ് വധത്തിന്റെ പേരില്‍ പഴികേട്ട ജയരാജന്‍ ഇക്കുറി നിശ്ശബ്ദനായിരിക്കാന്‍ തയാറല്ല. എ.എന്‍. ഷംസീര്‍ എം.എല്‍.എക്കെതിരേ നസീര്‍ ആരോപണവുമായി രംഗത്തുവന്നതോടെ ജയരാജന്റെ നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. കണ്ണൂര്‍ ജില്ലാഘടകത്തിലെ ചേരിപ്പോര് പാര്‍ട്ടിയുടെ സാധാരണ അണികളെപ്പോലും ബാധിച്ചിരിക്കുന്നവെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ യുവജനനേതാവ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ഇപ്പോള്‍ നേതൃത്വത്തിനുണ്ട്. നസീറിനെ അക്രമിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിട്ടും തലശേരിയിലെ ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചില്ലെന്നുള്ള വിമര്‍ശനം പാര്‍ട്ടിക്കുണ്ട്‌

Comments (0)
Add Comment