നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ വിവാദം കൊഴുക്കുന്നു

Jaihind Webdesk
Tuesday, July 9, 2019

Nedumkandam-custodymurdercase

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ വിവാദം കൊഴുക്കുന്നു. രാജ്കുമാറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അപാകതകൾ ഉണ്ടെന്ന് വിമർശനം ഉയർന്നിട്ടും മെഡിക്കൽ ബോർഡ് വിളിച്ചുചേർക്കാത്തത് വിവാദമാകുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രതികൾക്ക് അനുകൂലമാണ്.

രാജ്കുമാറിന്‍റെ മരണകാരണം ന്യുമോണിയാണെന്നും ശരീരത്തിൽ കുറെ മുറിവുകളും ചതവുകളും ഉണ്ട് എന്നുമാണ് കുമാറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.  കേസിൽ പ്രതികളായ പോലീസുകാർക്ക് ഗുണം ചെയ്യുന്ന തരത്തിലുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടാണിത്. മെഡിക്കൽ ബോർഡിന്‍റെ അഭിപ്രായം തേടാത്തതിന്‍റെ കാരണവും ഇതാണ്. മർദനവും മരണകാരണവും തമ്മിൽ ബന്ധമുണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലില്ല. ഇത് വിചാരണ വേളയിൽ പ്രതികൾക്ക് ഏറെ ഗുണം ചെയ്യും.

മരണകാരണം ന്യുമോണിയ എന്നാണ് കണ്ടെത്തൽ. എന്നാൽ ശരീരത്തിൽ അനുബന്ധ മാറ്റങ്ങൾ ഉണ്ടായിരുന്നോ എന്നത് കണ്ടെത്തിയിട്ടില്ല. ശരീരകോശങ്ങൾ പതോളജി പരിശോധനക്കയച്ചിട്ടില്ല. മരണത്തിന് മറ്റ് കാരണങ്ങൾ എന്താണെന്നും പരാമർശിക്കുന്നില്ല. രാജ്കുമാറിന്‍റെ മൃതദേഹത്തിന് 120 കിലോ ഭാരമുണ്ടായിരുന്നതും പരിശോധിച്ചിട്ടില്ല. ശരീരത്തിൽ നീര് വന്നതും ശരീരഭാരം ഇരട്ടിയായതും പരിശോധനയ്ക്ക് വിധേയമാക്കാത്തത് പ്രതികൾക്ക് അനുകൂലമാണ്.