ശാന്തന്‍പാറയിലെ അനധികൃത സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം; അമര്‍ഷം അറിയിച്ച്‌ ഹൈക്കോടതി

Jaihind Webdesk
Wednesday, August 23, 2023

കൊച്ചി: കോടതി വിധി ലംഘിച്ച്‌ സിപിഎം ഇടുക്കിയിലെ ശാന്തൻപാറയില്‍ ഓഫീസ് നിര്‍മ്മിക്കുന്നതില്‍ അമര്‍ഷം അറിയിച്ച്‌ ഹൈക്കോടതി. സർക്കാർ അഭിഭാഷകനെ ഉച്ചക്ക് കോടതിയിൽ നേരിട്ട് വിളിച്ചാണ് അതൃപ്തി അറിയിച്ചത്.

കോടതി ഉത്തരവ് വന്നിട്ടും നിര്‍മ്മാണം തുടര്‍ന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ കോടതി അതൃപ്തി അറിയിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.ഉടുമ്പൻചോല, ബൈസണ്‍വാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ ഓഫീസുകളുടെ നിര്‍മാണം അടിന്തരമായി നിര്‍ത്തിവയ്ക്കാനാണ് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിന്നത്. എന്നാൽ കോടതി ഉത്തരവ് കാറ്റിൽ പറത്തി ശാന്തൻപാറയിൽ ഇന്നലെ രാത്രി നിർമ്മാണം നടത്തുകയായിരുന്നു.പുലര്‍ച്ചെ നാലു മണി വരെ പണികള്‍ തുടര്‍ന്നു. കോടതി ഉത്തരവോ പണി നിര്‍ത്തിവെയ്‌ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കളക്ടറുടെ ഉത്തരവോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നതായിരുന്നു പണി തുടരാനായി സിപിഎം മുന്നോട്ടുവെച്ച ന്യായം.