കേന്ദ്ര വിജിലൻസ് കമ്മീഷൻ കൂടി ചേർന്ന് നടത്തിയ ഗൂഢലോചനയാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ മാറ്റിയതിന് പിന്നിലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല.
രാത്രി 11 മണിക്ക് നാഗേശ്വർ റാവു സിബിഐ ഓഫീസിലെത്തി. ഡൽഹി പോലീസ് രാത്രി ഉദ്യോഗസ്ഥർക്ക് ഓപ്പറേഷന് നിർദേശം നൽകി. രാത്രി 12 മണിക്ക് പോലീസ് സിബിഐ ഓഫീസ് ടേക്ക് ഓവർ ചെയ്തു. 12.30 ന് സിവിസി ഓർഡർ പേഴ്സണൽ മന്ത്രാലയത്തിലെ സെക്രട്ടറി ചന്ദ്രമൗലിക്കെത്തി. ഒരു മണിക്ക് ചന്ദ്രമൗലി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയി.
തുടർന്ന് 1.30 നായിരുന്നു സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ നീക്കം ചെയ്തു. രാത്രി ഫയലുകളും റെക്കോഡുകളും ഓഫീസിൽ നിന്ന് മാറ്റി. നിയമങ്ങൾ കാറ്റിൽപറത്തി അർധരാത്രിയായിരുന്നു നീക്കങ്ങള്‍. രാത്രി സിവിസി വിദേശ സന്ദർശനം റദാക്കി ഓഫീസിലിരുന്നു. ഡെൻമാർക്ക് യാത്രയാണ് റദാക്കിയത്.
രാത്രി 11 മണിക്ക് നാഗേശ്വർ റാവുവിനോട് ഓഫീസിലെത്താൻ ആരാണ് നിർദേശം നൽകിയതെന്ന് കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. രാത്രി 1 മണിക്ക് ഹൈ സെക്യൂരിറ്റി ഏര്യ ആയ നോർത്ത് ബ്ലോക്കിൽ പേഴ്സണൽ മന്ത്രാലയ സെക്രട്ടറി എന്തിന് ഇരുന്നു എന്നും അദ്ദേഹം ചോദിച്ചു. അലോക് വര്‍മ്മയെ മാറ്റിക്കൊണ്ടുള്ള നാടകീയ നീക്കങ്ങള്‍ ഫിക്സഡ് മാച്ച് ആയിരുന്നുവെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.