ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ശ്രദ്ധ 20 മണ്ഡലങ്ങളിലും ഒരു പോലെ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അല്ലാതെ മോദിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ആവശ്യവുമായി അത് വാരണാസിയിലേയ്ക്ക് മാത്രമായി ഇപ്പോള്‍ ഒതുക്കാനാകില്ലെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദ പറഞ്ഞു. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രിയങ്കയില്‍ കോണ്‍ഗ്രസ് അര്‍പ്പിച്ചിരിക്കുന്നത് വലിയൊരു ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ പാര്‍ട്ടിയും ആ വ്യക്തിയും ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യമാകും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യം ചിട്ടയോടെ നിറവേറ്റുക എന്നതാണ് ഓരോ പ്രവര്‍ത്തകന്റെയും കടമ. ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാണ് പാര്‍ട്ടി പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മേയ് 19നാണ് വാരണാസി പോളിംഗ് ബൂത്തിലേയ്ക്ക് എത്തുന്നത്.