‘കൂടെ’യുണ്ട്, കൈവിടില്ല ; ആദിവാസി കോളനിയില്‍ സമൂഹ അടുക്കള തുറന്ന് കോണ്‍ഗ്രസ് സന്നദ്ധ സംഘടന

Jaihind Webdesk
Friday, May 28, 2021

മലപ്പുറം : കൊവിഡില്‍ വഴിമുട്ടിയ ആദിവാസി കോളനിയില്‍ സമൂഹ അടുക്കള തുറന്ന് കോണ്‍ഗ്രസ് പ്രവർത്തകർ. നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച ‘കൂടെ’ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് നിലമ്പൂരിലെ ആദിവാസി കോളനിയിൽ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചത്.

കൊവിഡ് വ്യാപനത്തില്‍ ഉപജീവനത്തിനു പോലും വഴിയില്ലാതെ പട്ടിണിയിലായ ആദിവാസി കോളനിയിൽ കഴിയുന്നവരെ അധികൃതര്‍ കൈവിട്ടപ്പോള്‍ നിലമ്പൂർ ഏനാന്തി മുക്കര്‍ശി കോളനിയില്‍ സമൂഹ അടുക്കള തുറന്ന് മാതൃകയാവുകയാണ് ‘കൂടെ’ എന്ന ഈ സംഘം. കൊവിഡ് വ്യാപനം രൂക്ഷമായ മുക്കര്‍ശി കോളനിയില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന 72 പേര്‍ക്കാണ് നിലമ്പൂർ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കൂടെ സന്നദ്ധ സംഘടന മൂന്നു നേരം ഭക്ഷണം നല്‍കാനായി സമൂഹ അടുക്കള തുറന്നത്. തൊഴിലിനു പോകാൻ കഴിയാതെ വന്നതോടെ ഭക്ഷണത്തിന് വഴി ഇല്ലാതെ ദുരിതത്തിലാവുകയിരുന്നു എല്ലാവരും. നഗരസഭ അധികൃതര്‍ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയെങ്കിലും കോളനിക്കാരുടെ പട്ടിണി അകറ്റാന്‍ വഴി കണ്ടില്ല. ഇതോടെയാണ് ഇവരുടെ ദുരിതമറിഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ ‘കൂടെ’ പ്രവര്‍ത്തകര്‍ സമൂഹ അടുക്കള തുറന്നത്.

കൊവിഡ് വ്യാപനം കാരണം നഗരസഭയിലെ ആദിവാസി ദളിത് കോളനികളിൽ കഴിയുന്നവർ തൊഴിലില്ലാതെ പട്ടിണിയിലാണെന്നും മുഴുവന്‍ കോളനികളിലും നഗരസഭ ഇടപെട്ട് സമൂഹ അടുക്കളകള്‍ തുറക്കണമെന്നും കൂടെയുടെ സമൂഹ അടുക്കള ഉദ്ഘാടനം ചെയ്ത് സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു.