സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടി; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രതിഷേധ സത്യഗ്രഹം

Jaihind Webdesk
Tuesday, July 26, 2022

 

തിരുവനന്തപുരം: സോണിയാ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സത്യഗ്രഹം സംഘടിപ്പിച്ചു. കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗാന്ധി പാർക്കില്‍ സംഘടിപ്പിച്ച പ്രതിഷേധ സത്യഗ്രഹം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

മോദി സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിക്കെതിരെയുള്ള ഇ.ഡി നടപടിയെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസിന്‍റെ പ്രതിഷേധം. 10.30 ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ ആരഭിച്ച പ്രതിഷേധ സത്യഗ്രഹം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഹൃദയത്തോട് ചേർത്തുനിർത്തിയ പത്രമാണ് നാഷണൽ ഹെറാൾഡ് എന്നും ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ തന്ത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനതും ഇ.ഡി രാഷ്ട്രീയപ്രേരിതമായി പ്രവർത്തിക്കുന്നെന്നും വി.ഡി സതീശൻ ആരോപിച്ചു. സംസ്ഥാന മുഖ്യമന്ത്രിക്ക് ഖദർ കണ്ടാൽ ഭയമാണെന്നും വി.ഡി സതീശൻ പറഞ്ഞു. അധികാരത്തേക്കാൾ വലുത് ജന സേവനമാണ് എന്ന് തെളിയിച്ച നേതാവാണ് സോണിയാ ഗാന്ധിയെന്നും കോൺഗ്രസ്‌ നേതാക്കളെ അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസിനെ തകർത്താൽ ജനാധിപത്യത്തെ തകർക്കാമെന്നാണ് കണക്കുകൂട്ടലെന്നും
ക്രൂരമായ ആത്മസംതൃപ്തിക്ക് വേണ്ടിയാണ് ചോദ്യം ചെയ്യൽ എന്നും സത്യഗ്രഹത്തിൽ പങ്കെടുത്ത യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.

കെപിസിസി ഭാരവാഹികൾ, ഡിസിസി ഭാരവാഹികൾ ഉൾപ്പടെയുള്ളവരും കോൺഗ്രസ്‌, മഹിളാ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. വൈകിട്ട് മൂന്ന് മണി വരെ പ്രതിഷേധ സത്യഗ്രഹം തുടർന്നു.