കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു : കോൺഗ്രസ്

Jaihind News Bureau
Friday, April 24, 2020

Surjewala-AICC

കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് പദ്ധതികൾ അവിഷ്കരിക്കുന്നതിന് പകരം ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. ഒന്നര വർഷത്തേക്ക് ക്ഷാമബത്ത മരവിപ്പിച്ച നടപടി അത്യന്തം പ്രതിഷേധാർഹമാണ്. സർക്കാരിന്‍റെ അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനു പകരം സൈനികരുടെ ഉൾപ്പെടെ വരുമാനത്തിൽ മോദി സർക്കാർ കൈയിട്ടു വാരുകയാണ്. സംസ്ഥാന സർക്കാരുകളും പ്രൈവറ്റ് കമ്പനികളും കോവിഡ് സമയത്ത് ആനുകൂല്യങ്ങൾ വെട്ടിക്കുറക്കരുത് എന്ന് പറയുന്ന മോദി സർക്കാർ, സ്വാന്തം ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയാണ് എന്നും രൺദീപ് സിംഗ് സുർജേവാല വിമർശിച്ചു.

കോടിക്കണക്കിന് രൂപ മുതൽ മുടക്കുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി, പാർലമെന്‍റ് മോഡി പിടിപ്പിക്കൽ എന്നിവ ഒഴിവാക്കാതെ കൊവിഡിനെതിരായ പോരാട്ടത്തിൽ മുന്നിൽ നിന്ന് പൊതുജനങ്ങൾക്ക് സേവനം നൽകുന്ന കേന്ദ്ര ജീവനക്കാർ, പെൻഷൻകാർ, ജവാൻമാർ എന്നിവരുടെ ക്ഷാമ ബത്ത വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം, വിവേകശൂന്യവും മനുഷ്യത്വരഹിതവുമെന്ന് മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.